പതിനഞ്ച് കിലോമീറ്റർ കാൽനടയായിഎത്തി കാടിന്റെ മക്കൾ വോട്ട് ചെയ്തു.


കോതമംഗലം: കാടും മേടും കുണ്ടും കുഴിയും താണ്ടി 15 കിലോമീറ്റർ കൊടും കാട്ടിലൂടെ കാൽനടയായി എത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി കാടിന്റെ മക്കൾ മടങ്ങി. ഇത്ര ദൂരം ജീപ്പ് മാത്രം പോകുന്ന വഴിയിലൂടെ വണ്ടി വിളിച്ച് വരണമെങ്കിൽ 3000 രൂപ കൊടുക്കണം ഇത്രയും വലിയ തുക മുടക്കി വോട്ട് ചെയ്യാൻ എത്തുവാനും ഇവർക്ക് സാധിക്കില്ല.

കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി കുടിയായ ഉറിയം പെട്ടി ആനക്കുളം ആദിവാസി കുടിയിലെ ആദിവാസികളാണ് 3 മണിക്കൂർ നടന്ന് വെള്ളാരംകുത്ത് ട്രൈബൽ ഷെൽട്ടറിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തത്. 80 കുടുംബങ്ങളിലായി 130 വോട്ടർമാരാണ് ഇവിടെയുള്ളത് ഇതിൽ എൺപതോളം പേരാണ് വോട്ട് ചെയ്തത്. വാഹന സൗകര്യമില്ലാത്തതും, കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗശല്യവുമുള്ള ഘോരവനവും മൂലം വനിതാ വോട്ടർമാർ കൂടുതലും വോട്ട് ചെയ്യാനെത്തിയിട്ടില്ലെന്ന് ഊരുമൂപ്പൻ കാമിയപ്പൻ പറഞ്ഞു.

വോട്ട് ചെയ്ത ശേഷം തിരികെ കുട്ടിയിൽ എത്തണമെങ്കിൽ ഏകദേശം രാത്രി 9 മണിയോടു കൂടി മാത്രമേ ഇവർക്ക് കുടിയിലെത്താൻ കഴിയുകയുള്ളൂവെന്നും, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉറിയം പെട്ടിയിൽ പോളിംഗ് സ്റ്റേഷൻ അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ഉറിയം പെട്ടിയിൽ പോളിംഗ് സ്റ്റേഷൻ അനുവദിക്കാത്ത പക്ഷം വോട്ട് ബഹിഷ്ക്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും, വന വാസികളായതുകൊണ്ടാണ് തങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply