സൗജന്യമായി തട്ടേക്കാടിൽ വിദ്യാർത്ഥികൾക്കായി വനം വകുപ്പ് ഒരുക്കുന്ന നേച്ചർ ക്യാമ്പ് ശ്രദ്ധേയമാകുന്നു.


തട്ടേക്കാട് : പക്ഷി പ്രേമികളും പ്രകൃതി സ്നേഹികളും ഒരുപോലെ ഇഷ്ടപ്പെടുന്ന തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം വിദ്യാർത്ഥികൾക്കായി നേച്ചർ ക്യാമ്പ് ഒരുക്കുന്നു. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് കോതമംഗലത്തിന് അടുത്ത് സ്ഥിതിചെയ്യുന്ന തട്ടേക്കാട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമ്പന്നമായ പക്ഷി വാസസ്ഥലം എന്നാണ് തട്ടേക്കാടിനെക്കുറിച്ചു ‘ബേർഡ് മാൻ ഓഫ് ഇന്ത്യ’ എന്ന് വിളിക്കുന്ന ഡോ. സലിം അലി വിശേഷിപ്പിച്ചത്. 284 ഇനം പക്ഷികൾ ഈ വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെയും വരും തലമുറയുടെയും ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുക എന്ന മുദ്രാവാക്യം മുൻനിർത്തി വിദ്യാർത്ഥികൾക്ക് വന്യജീവി സങ്കേതത്തിൽ താമസിച്ചു പഠിക്കുവാനുള്ള അവസരം ഒരുക്കുകയും , പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് വനം വകുപ്പ് നേച്ചർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൂടാതെ വനം വന്യജീവികളെ അടുത്തറിയുവാൻ അവസരമൊരുക്കുകയും ചെയ്യുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നേച്ചർ സ്റ്റഡി ക്യാമ്പുകൾ ആണ് വിദ്യാർത്ഥികൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നേച്ചർ ക്യാമ്പ് അനുവദിക്കുന്നത് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആണ്.

മൂന്ന് ദിവസത്തെ നേച്ചർ ക്യാമ്പിലെ ആദ്യദിനം വൈകിട്ട് നാല് മണിയോടുകൂടിയാണ് ആരംഭിക്കുന്നത്. ആദ്യപടിയായി വരുന്ന വിദ്യാർത്ഥികളുടെ പേർ രെജിസ്റ്റർ ചെയ്യുകയും , റേഞ്ച് ഓഫീസർ ക്യാമ്പ് ഉൽഘാടനം ചെയ്യുകയും ക്യാമ്പിനെക്കുറിച്ചു ചെറു വിവരണം നൽകുകയും ചെയ്യുന്നു. മൂന്ന് ദിവസത്തെ ക്യാമ്പിൽ നാൽപ്പതോളം വിദ്യാർത്ഥികളാണ് സാധാരണയായി ഉൾക്കൊള്ളിക്കാറുള്ളത്, ഇവരെ നാല് ഗ്രൂപ്പായി തിരിക്കുകയും ചെയ്യുന്നു. തട്ടേക്കാടിൽ കൂടുതലായി കണ്ടുവരുന്ന പക്ഷിമൃഗാദികളുടെ പേരിലാണ് ഈ ഗ്രൂപ്പ് അറിയപ്പെടുക.

തുടർന്ന് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത പഠന ശകലങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം ഏഴുമണിയോടുകൂടി വനം വന്യജീവി സമ്പത്തിനെകുറിച്ചോ , പ്രകൃതി സംരക്ഷണത്തിനെകുറിച്ചോ പഠന ക്ലാസ് നടത്തപ്പെടുകയും ചെയ്യുന്നു. എട്ടുമണിയോടുകൂടി നാടൻ കഞ്ഞിയും കറിയുമുള്ള അത്താഴത്തിന് ശേഷം വിദ്യാർത്ഥികളും വനം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുമായി പരിചയപ്പെടുകയും ആശയവിമയങ്ങൾ നടത്തുകയും ചെയ്യുന്നു. പത്തുമണിയോടുകൂടി ആദ്യ ദിവസത്തെ പഠന ക്യാമ്പ് അവസാനിക്കുന്നു.

പതിവിൽ നിന്ന് വ്യത്യസ്തമായി കിളികളുടെ കലപില ശബ്‍ദം കേട്ടുണരുന്ന വിദ്യാർത്ഥികളും അവരുടെ അധ്യാപകരും ക്യാമ്പിലെ രണ്ടാം ദിവസത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം എട്ടുമണിയോടുകൂടി ആനകളും , മാനുകളും, കുരങ്ങുകളും, രാജവെമ്പാലകളും അധിവസിക്കുന്ന തട്ടേക്കാടിന്റെ വന മേഖലയിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. നീർച്ചാലുകളും , പുൽമേടുകളും , ദുർഘട പാതകളും , മലകളും താണ്ടി സഞ്ചരിക്കുമ്പോൾ വിദ്യാർത്ഥികൾ കൺ മുന്നിൽ കാണുന്ന വനം എന്ന മായാലോകത്തിൽ ഭ്രമിച്ചു പോകുകതന്നെ ചെയ്യുന്നു.

സഞ്ചരിക്കുന്ന വഴിയിൽ കാണപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാനും സുരക്ഷാ തീർക്കുവാനുമായി വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുന്നു. ഉച്ചയോടുകൂടി തിരിച്ചു വരുകയും ഭക്ഷണത്തിന് ശേഷം രണ്ട് മണിയോടുകൂടി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിഞ്ജാനത്തിന്റെ കലവറ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുകയാണ് നേച്ചർ ക്യാമ്പ്. വന നിരീക്ഷണത്തിൽ വിദ്യാർത്ഥികൾ കാട്ടിൽ കണ്ട കാഴ്ചകൾ പക്ഷി ശാത്രജ്ഞനായ ഡോക്ടർ ആർ സുഗതൻ അതിനെക്കുറിച്ചു ക്ലാസ് എടുക്കുകയും വിദ്യർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.

നാല് മണിച്ചായക്ക് ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പൂമ്പാറ്റ ഉദ്യാനം , ഇന്റെർപ്രെറ്റേഷൻ സെന്റർ , അനിമൽ റീഹാബിലിറ്റേഷൻ സെന്റർ , മെഡിസിനൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നു. തുടർന്ന് വനം വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും , എങ്ങനെ വനം വകുപ്പിൽ ജോലി നേടാം എന്നതിനെക്കുറിച്ചുമെല്ലാം വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുകയും എട്ടുമണിയോടുകൂടി നാടൻ അത്താഴവും തുടർന്ന് പഠന ക്യാമ്പിൽ വന്ന വിദ്യാർത്ഥികളുടെ കലാവാസനക്കനുസരിച്ചുള്ള പരിപാടികളോടുകൂടി രണ്ടാം ദിവസം അവസാനിക്കുകയും ചെയ്യുന്നു.

മൂന്നാം ദിവസം തട്ടേക്കാടിന്റെ ടൂറിസം സോണിൽ കൊണ്ടുപോകുകയും പക്ഷി നിരീക്ഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. വനത്തിൽ നിന്നും തിരിച്ചെത്തിയശേഷം പ്രഭാത ഭക്ഷണവും തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ പുത്തൻ അറിവുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഉച്ചയോടുകൂടി സമാപന ചടങ്ങ് ആരംഭിക്കുകയും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വനം വകുപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യുന്നു.

മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തിരിച്ചു പോകുമ്പോൾ വനം വന്യജീവികളെക്കുറിച്ചു കൂടുതൽ പഠിക്കുവാൻ വീണ്ടും വരുമെന്ന് പറയുന്നത് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ഷിബു ദാസ് വെളിപ്പെടുത്തുന്നു.

പത്തു വയസ്സുമുതൽ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരെ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. തികച്ചും സൗജന്യമായാണ് വനം വകുപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് ഒരു ദിവസത്തെ ക്യാമ്പും ഒരുക്കുന്നുണ്ട്.

കോതമംഗലം മേഖലയിലുള്ള സ്കൂളുകളിലെ അധ്യാപകരും , വിദ്യാർത്ഥികളും ഈ നേച്ചർ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് തട്ടേക്കാട് വൈൽഡ് ലൈഫ് വാർഡർ P.A ജലീൽ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : വൈൽഡ് ലൈഫ് ഡിവിഷൻ ഇടുക്കി – 0486 2232271, ഇ മെയിൽ ww-idk.for@kerala.gov.in , തട്ടേക്കാട് – 85476031 94.

Leave a Reply