കൊക്കോ ഇടവിളയായി കൃഷി ചെയ്തത് ഭാഗ്യം പരീക്ഷിക്കുവാൻ ഒരുങ്ങി റബ്ബർ കർഷകർ


കോതമംഗലം: ദക്ഷിണ അമേരിക്കൻ , മെക്സിക്കൻ , ബ്രസീൽ മഴക്കാടുകളില്‍ നിന്നും നമ്മുടെ നാട്ടിൽ എത്തപ്പെട്ട ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്ന് വർദ്ധിച്ചിട്ടുണ്ട്. ഈ അവസരം മുന്നിൽക്കണ്ടാണ് റബ്ബർ കർഷകർ ഇടവിളയായി കൊക്കോ കൃഷി ചെയ്യുവാൻ ആരംഭിച്ചരിക്കുന്നത്. ക്രൂഡോയിൽ വില ചരിത്രത്തിലെ തന്നെ താഴ്ന്നനിലയിൽ തുടരുകയും , റബ്ബർ ഇറക്കുമതി കടിഞ്ഞാൺ ഇല്ലാതെ തുടരുകയും ചെയ്യുന്നതുമൂലം കർഷകർക്ക് റബ്ബറിന്റെ ഭാവി ശോഭനമാണെന്ന് കരുതുവാൻ വയ്യാ. അതുകൊണ്ട് ചെറിയ വരുമാനം എന്ന രീതിയിലാണ് കൊക്കോ കൃഷി ആരംഭിച്ചിരിക്കുന്നത്.

വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കേരള കാർഷിക സർ‌വ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കോതമംഗലം മേഖല പോലെ റബ്ബർ കൃഷി വ്യാപകമായി ചെയ്യുന്ന പ്രദേശങ്ങളിൽ ഇടവിളയായി ചെയ്യാവുന്ന കൃഷിയാണ് കൊക്കോ .റബ്ബർ നട്ടു നാലാം വർഷത്തിന് ശേഷം തൈകൾ നേടുന്നതാണ് ഉചിതം .ഒരേക്കർ റബ്ബർ തോട്ടത്തിൽ ഏകദേശം അമ്പതോളം തൈകൾ നടുവാൻ സാധിക്കും . വളരെയധികം ഇലക്കൊഴിപ്പുള്ളതുകൊണ്ട് മണ്ണിന്റെ നനവ് നിലനിർത്തുവാനും സാധിക്കും എന്നത് നേട്ടമാണ്. ചില കർഷകർ കണ്ണാറ കൃഷിക്ക് ശേഷം കൊക്കോ നടുന്നതും കണ്ടുവരുന്നു. ഉൽപ്പാദനം തുടങ്ങിയ റബ്ബർ തോട്ടങ്ങളിലെ പുല്ല് വളരുന്ന ഭാഗം നോക്കി നാല് മരങ്ങൾക്ക് നടുവിൽ ഒരു കൊക്കോ ചെടി നടുന്നവരും ഉണ്ട്.കൃത്യമായി കോതിയൊരുക്കി വളർത്തിയാൽ റബ്ബർ തോട്ടങ്ങളിലെ കൊക്കോ ചെടി നല്ല ഉൽപ്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബ്ബർ കർഷകരെ അവഗണിക്കുകയും റബ്ബർ ബോർഡിന്റെ ഓഫീസുകൾ വരെ പല പ്രദേശങ്ങളിൽ നിന്നും പിൻവലിക്കുകയും റബ്ബറിന് താങ്ങുവില പോലും നൽകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ റബ്ബറിന്റെ ഇടയിൽ ചെയ്യാവുന്ന കൃഷി കൂടിയാണ് കൊക്കോ. കൂടുതൽ പരിചരണം ആവശ്യമില്ലെന്ന് മാത്രമല്ല കർഷകരുടെ സമയക്രമം അനുസരിച്ചു വിളവെടുപ്പ് നടത്തി വിപണനം നടത്താം എന്ന പ്രയോജനം കൂടിയുണ്ട്. കൂടാതെ പണിക്കൂലിയിനത്തിൽ വരുന്ന നഷ്ടം ഒഴുവാക്കുവാനും കര്ഷകന് സാധിക്കുന്നു. കൃഷി ഭവനുകൾ വഴി കൊക്കോ കൃഷിക്ക് സബ്‌സിഡി നൽകിവരുന്നു. കൊക്കോ കരു ഉണക്കി വിപണനം നടത്തിയാൽ മികച്ച വരുമാനം ലഭിക്കുകയും ചെയ്യുന്നു. കൊക്കോ കുരു എടുത്തശേഷം അതിന്റെ തോട് പശുവിന് തീറ്റയായി കൊടുക്കുന്ന കർഷകരും ഉണ്ട്. അങ്ങനെ റബ്ബർ വിലയിടിവിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഒരു താങ്ങായി മാറുകയാണ് കൊക്കോ കൃഷി.

Leave a Reply