മഴ മാറിയാൽ ഉടനെ തന്നെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും : മന്ത്രി


തിരുവനന്തപുരം/പെരുമ്പാവൂർ : മഴ മാറിയാൽ ഉടൻ തന്നെ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിലെ കാലാവസ്ഥ വ്യതിയാനം മൂലമാണ് കഴിഞ്ഞ ഏഴ് മാസമായി റോഡ് പ്രവൃത്തികൾ ചെയ്യാത്തത്. സർക്കാരോ ജനപ്രതിനിധികളോ ഈ കാര്യത്തിൽ കുറ്റക്കാർ അല്ലെന്നും മണ്ഡലത്തിലെ എല്ലാ പ്രവൃത്തികളും ഒരുമിച്ചു ടെൻഡർ ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തു നൽകാമെന്നും മന്ത്രി പറഞ്ഞു.

നാല് വട്ടം ടെൻഡർ ചെയ്തിട്ടും ആരും കരാർ എടുത്തില്ല. മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ആധുനിക സാങ്കേതിക വിദ്യ നമ്മുടെ സംസ്ഥാനത്തും പ്രായോഗികമാക്കണം. റോഡുകളുടെ അവസ്ഥയിൽ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുതെന്നും എൽദോസ് കുന്നപ്പിള്ളി സബ്മിഷനിൽ ഉന്നയിച്ചു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുകക്ക് പുറമെ കൂടുതൽ തുക ആവശ്യമായി വരുകയാണെങ്കിൽ അത് അനുവദിക്കുന്ന കാര്യം കൂടി പരിഗണിക്കുമെന്ന് മന്ത്രി എം.എൽ.എക്ക് ഉറപ്പ് നൽകി.

Leave a Reply