TOURIST PLACES
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം.

പെരുമ്പാവൂർ : കോടനാട്, കപ്രിക്കാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണ്. കോവിഡ് മൂലം കേന്ദ്രം അടച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്നത് മുതലുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. അതിനനുസൃതമായി വരുമാനവും കൂടി. ഏകദേശം അന്‍പത്തഞ്ച് ലക്ഷത്തിന് മുകളില്‍ രൂപയാണ് വരുമാനമായി ലഭിച്ചത്. അതും കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലയളവിലായിരുന്നു .
ഒന്നേമുക്കാല്‍ ലക്ഷത്തോളം മുതിര്‍ന്നവരും ഇരുപത്തി അയ്യായിരത്തോളം കുട്ടികളുമാണ് സഞ്ചാരികളായി എത്തിയത്. ആഭ്യന്തര സഞ്ചാരികളാണ് ഇതില്‍ ഏറെയും. വിദേശ സഞ്ചാരികളും അഭയാരണ്യം സന്ദര്‍ശിക്കാനെത്തുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഏറെ ആശാവഹമാണെന്ന് അഭയാരണ്യം അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ അഭയാരണ്യത്തിലെ മുഖ്യ ആകര്ഷണങ്ങള് ആനകളും, മ്ലാവുകളും, പുള്ളിമാനുകളും, ചിത്രശലഭ പാര്‍ക്കും, ഔഷധ സസ്യങ്ങളുടെ ഉദ്യാനവും, പുഴയോട് ചേര്‍ന്നുള്ള നടപ്പാതയും, ഏറുമാടങ്ങളും, കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്കുമാണ്. പെരിയാറിന്റെ തീരത്ത് അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന അഭയാരണ്യം ടൂറിസം കേന്ദ്രം വനംവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 250 രൂപയുമാണ് അഭയാരണ്യത്തിലെ പ്രവേശന നിരക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അഭയാരണ്യം സ്ഥിതി ചെയ്യുന്നത്, പെരുമ്പാവൂരില്‍ നിന്ന് 13 കിലോ മീറ്ററും. ബസ് സൗകര്യവും ഇവിടേക്ക് ലഭ്യമാണ്.
CHUTTUVATTOM
രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ “എ” ക്ലാസ്സ് ആർച്ച് പാലത്തിന് 87 വയസ്സ്.

കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി നിൽക്കുവാൻ തുടങ്ങിയിട്ട് 87 വർഷങ്ങൾ പിന്നിടുകയാണ്. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് നേര്യമംഗലം പാലം. രണ്ടു മഹാപ്രളയങ്ങളെയാണ് കമാന ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈപ്പാലം അതിജീവിച്ചത്. ഇന്നും തലയെടുപ്പോടെ നിൽക്കുന്നത് കാണുവാൻ ഒരു ആന ചന്തം തന്നെയാണ്. എറണാകുളം -ഇടുക്കി ജില്ലയുടെ പ്രവേശന കവാടം കൂടിയാണ് നേര്യമംഗലം പാലം.
1924ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ 10 വർഷമെടുത്തു. പെരിയാർ നദിയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ കമാനാകൃതിയിലാണ് പാലത്തിന്റെ നിർമാണം. കൊച്ചിയിൽനിന്ന് തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത.പഴയ മൂന്നാർ രാജപാത എന്നാണ് ഇതറിയപെടുന്നത്. ഹൈറേഞ്ചിൽനിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാതയിലൂടെ യായിരുന്നു . പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിൽ ഉണ്ടായിരുന്നില്ല.
1872ൽ ബ്രിട്ടീഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഫാക്ടറികളിൽ കൊളുന്ത് എത്തിക്കാനായി റെയിൽപ്പാതകൾ നിർമിക്കുകയും ചെയ്തിരുന്നു. തേയില റോപ്വേ വഴിയും റോഡ് മാർഗവുമായി തേനിവഴി തൂത്തുക്കുടിയിൽ എത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ൽ ഉണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടി മുതൽ മാങ്കുളംവരെയുള്ള പാത തകർന്നടിയുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കം ഉണ്ടായി. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ്വേയും പ്രളയത്തിൽ നശിച്ചു. കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന്, ആലുവ മുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവിട്ടു.
റാണി സേതു ലക്ഷ്മിഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം ഉയർന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പ്രൗഢിയിൽ ഒട്ടും കുറവ് വരാതെ നേര്യമംഗലത്തിന്റെ തലയെടുപ്പായി ഈ പാലം നിലകൊളളുകയാണ്.
NEWS
കണ്ണെത്താ ദൂരത്തോളം കാനനഭംഗിയുമായി കിഴക്കൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നു.

കോതമംഗലം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം എറണാകുളം ജില്ലയിലെ കിഴക്കൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. തട്ടേക്കാടും ഭൂതത്താൻകെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളായി തുടങ്ങി. പൂയംകുട്ടി, മണികണ്ഠൻചാൽ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി തൂക്കുപാലം, നേര്യമംഗലം ആർച്ച് പാലം, വടാട്ടുപാറ, തുണ്ടം തുടങ്ങിയിടങ്ങളിലൊക്കെ സഞ്ചാരികൾ എത്തിത്തുടങ്ങിയത് പ്രദേശത്തെ ചെറുകിട കച്ചവടക്കാരിൽ പുത്തനുണർവ് ഉണ്ടായിട്ടുണ്ട്. ഒരാഴ്ച മുൻപു മാത്രം ആരംഭിച്ച കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഭൂതത്താൻ കെട്ടിൽ എത്താൻ തുടങ്ങിയതുമുതൽ ബോട്ടിംഗ് മേഖലയിലും കാര്യമായ ചലനമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇന്നലെ മാത്രം കെഎസ്ആർടിസിയുടെ പത്തോളം ബസ്സുകളാണ് ഭൂതത്താൻകെട്ടിൽ ബോട്ട് യാത്ര നടത്തിയത്. ഭൂതത്താൻ കെട്ടിൽ നിന്നും ആരംഭിച്ച കുട്ടമ്പുഴ പോയി തട്ടേക്കാട് പാലത്തിന്റെ ഭാഗത്ത് സഞ്ചാരികളെ ഇറക്കി അവിടെ നിന്നും യാത്ര തുടർന്ന വിധമാണ് വിധമാണ് ഇപ്പോൾ ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. പെരിയാറിലൂടെയുള്ള കാനന യാത്രയാണ് ഭൂതത്താൻ കെട്ടിന്റെ പ്രധാന ആകർഷണം. പലപ്പോഴും വന്യമൃഗങ്ങളെ കാണാനുള്ള ഭാഗ്യവും സഞ്ചാരികൾക്ക് ലഭിക്കാറുണ്ട്. 200 രൂപ മുതൽ മുടക്കിൽ ഒരു മണിക്കൂറോളം ബോട്ട് സവാരി ആസ്വദിക്കാം എന്നുള്ളതാണ് ഭൂതത്താൻകെട്ടിലെ പ്രത്യേകത.
NEWS
ആനവണ്ടിയിലൊരു രാജകീയ യാത്ര; കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി മൂന്നാർക്ക് ആനവണ്ടി സവാരി.

കോതമംഗലം : പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ്വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടു ഒരു ആനവണ്ടി സവാരി. കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർക്ക് ആണ് കെ.എസ്.ആർ.ടി.സി ട്രയൽ ട്രിപ്പ് ആരംഭിക്കുന്നത്. ഈ ഞായറാഴ്ച്ച തുടങ്ങുന്ന സർവീസ് വിജയകരമായാൽ തുടർന്നും എല്ലാ ഞായറാഴ്ചകളിലും തുടരുവാനാണ് അധികൃതരുടെ തീരുമാനം. നിരവധി കടമ്പകൾ കടന്നാൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
മൂന്നാർ എത്തിയ ശേഷം തിരിച്ചു അടിമാലി-നേര്യമംഗലം റോഡിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് ആറുമണിയോടുകൂടി തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്. ഒരാൾക്ക് ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉൾപ്പെടെ ഏകദെശം 500 രൂപ വരുന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് മുൻകൂടി ബുക്ക് ചെയ്യുവാൻ ബന്ധപ്പെടുക; 9447984511, 9446525773.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS12 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
