പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നടുകടത്തി. ചേലാമറ്റം വല്ലം കരയിൽ സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (26) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2 വർഷത്തിനുളളിൽ കൊലപാതക ശ്രമം, അടിപിടി, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ പെരുമ്പാവൂരിലെ തീയറ്റർ കോമ്പൗണ്ടിൽകയറി തഷ്ബീർ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി 42പേരെ നാട് കടത്തി. 63 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. റൂറൽ ജില്ലയിൽ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.



























































