പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയിൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇതുവരെ 1000 പേർക്ക് മരുന്നുകൾ എത്തിച്ചു നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതുവരെ നൽകിയത്. നിർദ്ധനരായ രോഗികൾക്ക് അവർക്ക് ആവശ്യമുള്ള മരുന്നുകൾ ലോക്ക് ഡൗൺ കാലത്ത് നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വ്യക്തികളും സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കൂടതെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തന്റെ രണ്ട് മാസത്തെ ശമ്പളം ഈ പദ്ധതിക്കായി വിനിയോഗിക്കും.
അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയവർക്ക് ഇനി മുതൽ ഈ പദ്ധതി വഴി ആജീവനാന്തം മരുന്നുകൾ നൽകുമെന്ന് എം.എൽ.എ പറഞ്ഞു. മാരക രോഗങ്ങളായ കാൻസർ, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കാണ് മരുന്നുകൾ നൽകുന്നത്. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്ന എല്ലാ നിർദ്ധനരായ രോഗികൾക്കും മരുന്നുകൾ നൽകുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2500 പേർക്ക് ഹോമിയോ പ്രതിരോധ മരുന്നുകളും മണ്ഡലത്തിൽ വിതരണം ചെയ്തു. ഇന്ത്യൻ ഹോമിയോപതിക്‌സ് അസോസിയേഷൻ കേരള പെരുമ്പാവൂർ, കോതമംഗലം യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഹോമിയോ മരുന്നുകൾ നൽകിയത്.
കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് നിർദ്ധനരായ രോഗികൾ മരുന്നിനായി ബുദ്ധിമുട്ടിയപ്പോഴാണ് മെഡിസിൻ ചലഞ്ച് പദ്ധതിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടക്കമിട്ടത്. എറണാകുളം ജില്ലയിൽ ലോക് ഡൗൺ അവസാനിക്കുന്ന ഇരുപത്തിനാലാം തിയ്യതി മറ്റു രോഗങ്ങൾക്കുള്ള മരുന്നുകൾ നൽകുന്നത് അവസാനിപ്പിക്കും. അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയ രോഗികൾക്ക് തുടർന്നും സഹായം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി കോവിഡ് 19 കാലത്തെ തന്റെ രണ്ട് മാസത്തെ ശമ്പളം പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.