മഅ്ദനി: നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മത രാഷ്ട്രീയ നേതൃത്വങ്ങള്‍ സംഘടിക്കണം പി.കെ.ബാവ ദാരിമി


കോതമംഗലം : തുല്യതയില്ലാത്ത നീതിനിഷേധങ്ങള്‍ക്കിരയായി രണ്ട് പതിറ്റാണ്ടോളമായി തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിലഭ്യമാക്കാന്‍ കേരളത്തിലെ പണ്ഡിതസഭാ നേതൃത്വങ്ങളും രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമൊക്കെ അഭിപ്രായ വ്യത്യാസം മറന്ന് സംഘടിക്കണമെന്ന് മര്‍ക്കസ് നോളഡ്ജ് വില്ലേജ് സെക്രട്ടറി പി.കെ.ബാവ ദാരിമി ആവശ്യപ്പെട്ടു. കുറ്റം ചെയ്യാതെ തന്നെ പതിറ്റാണ്ടുകളോളം തടവറയിലടക്കപ്പെടുകയും നിരപരാധിത്വം ബോധ്യപ്പെടുത്തി പുറത്ത് വരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂട നിലപാടുകള്‍ക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്യേണ്ടതുണ്ട്. മഅ്ദനി അടക്കം രാജ്യത്തിന്റെ വിവിധ ജയിലറകളില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കഴിയുന്നുണ്ട്.അവര്‍ക്കൊക്കെ വേണ്ടിയും മോചനത്തിന്റെ ശബ്ദം ഉയര്‍ന്ന് വരേണ്ടതുണ്ട്.മഅ്ദനിക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പല്ലാരിമംഗലം മനുഷ്യാവകാശ സമിതി അടിവാട് കവലയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ ദാരിമി.

രാജ്യം അതീവ ഗുരുതമായ ഫാസിസ്റ്റ് തേര്‍വാഴ്ചയിലൂടെ കടന്ന് പോകുന്പോള്‍ അതിനെതിരെ എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയ വ്യക്തിത്വമായിരുന്നു മഅ്ദനി. മഅ്ദനി ഉയര്‍ത്തിയ ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങള്‍ പലരുടേയും കോട്ടകളില്‍ ആഞ്ഞ് പതിച്ചപ്പോഴാണ് അന്യായ തടവറകള്‍ സൃഷ്ടിക്കപ്പെട്ടത്. മഅ്ദനിയോ അദ്ദേഹം നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളോ കേരളത്തില്‍ വര്‍ഗീയ ,വംശീയ വിദ്വേഷം വളര്‍ത്താനോ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. പക്ഷെ രാജ്യത്ത് വളര്‍ന്ന് വരുന്ന സംഘ്പരിവാര്‍ ഭീഷണിയെ അദ്ദേഹം തുറന്ന് കാട്ടി. നീതി നിഷേധിക്കപ്പെട്ട് ,ചികിത്സ പോലും നിഷേധിച്ച് വിചാരണ നാടകങ്ങള്‍ നീട്ടിക്കൊണ്ട് പോയി അദ്ദേഹത്തെ ശാരിരികമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്ന് വരുന്നത്.ഇതിനെതിരെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭരണസിരാ കേന്ദ്രങ്ങളിലും ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തിപ്പെടണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി ആവശ്യപ്പെട്ടു. സമിതി അംഗം ഇ.പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.മാവുടി ജുമാമസ്ജിദ് ഇമാം മുഹമ്മദാലി ഫൈസി ,പി.ഡി.പി.ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍,സി.പി.ഐ.ഏരിയ സെക്രട്ടറി അലിയാര്‍ മാനിക്കല്‍ ,എസ്.ഡി.പി.ഐ.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി.എം.മൂസ,സംയുക്തവേദി മണ്ഡലം സെക്രട്ടറി റഹീം അയിരൂര്‍പ്പാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.സലീം മുഞ്ചക്കല്‍ സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Leave a Reply