ഏഷ്യയും ആഫ്രിക്കയും ഒരു വൻകരയായിരുന്നോ എന്ന ചോദ്യവുമായി കുട്ടമ്പുഴയിലെ പാതാളത്തവള.


  • സിജോ കുര്യൻ 

കോതമംഗലം : പ്രകൃതി സമ്പത്തുകൊണ്ട് സമ്പന്നമാണ് പശ്ചിമഘട്ട മേഖലകൾ. വനം വന്യജീവികളുടെ പെരുമയിൽ സ്ഥാനം പിടിച്ചിട്ടുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി കൈവരുകയാണ്. കുട്ടമ്പുഴ വന മേഖലയിൽ നിന്നും അപൂർവ്വ ഇനം തവളയെ കണ്ടെത്തുകയും, സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുവാനുള്ള നിർദ്ദേശം ഗവേഷകർ മുന്നോട്ട് വെക്കുകയുമാണ്. 1994 യിൽ കുട്ടമ്പുഴയിൽ നിന്നുമാണ് ആദ്യമായി അപൂർവ്വയിനം തവളയെ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ഗവേഷണങ്ങളിൽ ഇത് അപൂർവ്വ ഇനത്തിൽ പെടുന്ന തവളയാണ് എന്ന കണ്ടത്തലിൽ 2007 യിൽ തുടർനടപടികൾ കൈകൊള്ളുകയായിരുന്നു. കുട്ടമ്പുഴയിൽ നിന്നും ജീവനോടെ കിട്ടിയ തവളയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ ഗവേഷണം നടത്തിയ ഡൽഹി സർവകലാശാലയിലെ പ്രഫ.എസ്.ഡി.ബിജുവാണ് ഇത് പുതിയ വംശത്തിൽ വരുന്ന തവളയാണ് എന്ന് കണ്ടെത്തുന്നത്. സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളും ഇത് ഇന്ത്യയിൽ ആദ്യമായി കാണുന്ന പുതിയ ഇനത്തിൽ പെട്ട ജീവിയാണ് എന്ന് കണ്ടെത്തിയിരുന്നു.

ദേശാടനക്കിളികള്‍ മാത്രമല്ല കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെയും സാന്നിധ്യം കൊണ്ട് ഗവേഷകരുടെ ഒരു സർവകലാശാല കൂടിയാണ് തട്ടേക്കാട്. സുരക്ഷിത താവളവും മികച്ച മിത ശീതോഷ്‌ണ ആവാസ വ്യവസ്ഥയുമാണ് വന്യജീവികളുടെ ഇഷ്ട സങ്കേതമായി മാറ്റുന്നത്.  പർപ്പിൾ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോ‍ട്ടുവയ്ക്കും.   ‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നു ശാസ്ത്രീയ നാമമുള്ള പാതാളത്തവളയെയാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ നിർദേശം സമർപ്പിക്കുന്നത്. ഇതിനു പന്നിമൂക്കൻ തവളയെന്നും പേരുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഒരു അടുത്ത ചേർച്ചയുള്ള വംശം ആഫ്രിക്കയിലെ മഡഗാസ്ക‌റിനു സമീപമുള്ള സെയ്ഷേൽസ് ദ്വീപുകളിലാണുള്ളത്. ഏഷ്യയും ആഫ്രിക്കയും തുടർച്ചയായ വൻകരകളാണെന്നതിന്റെ സൂചന കൂടിയാണിത് നൽകുന്നത്.


പന്നിമൂക്കൻ , മാവേലിത്തവള തുടങ്ങിയ പേരുകളിലും പാതാളത്തവള അറിയപ്പെടുന്നു. വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാളത്തവള മണ്ണിനടിയിലേക്കു പോകുകയും , മണ്ണിനടിയിലെ പൊത്തുകളിൽ സമാധിയാകുകയുമാണ് ചെയ്യുന്നതെന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷി നിരീക്ഷകനും, ഗവേഷകനും , ശാസ്ത്രജ്ഞനുമായ ഡോക്ടർ ആർ. സുഗതൻ വെളിപ്പെടുത്തുന്നു. സമാധി വേളയിൽ മണ്ണിനടിയിലെ പൊത്തുകളിൽ വീണ് കിട്ടുന്ന ചെറു പ്രാണികളെയും , ജീവികളെയും ഭഷണമാക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനു വേണ്ടി മാത്രമാണ് ഇതു മണ്ണിന് മുകളിലേക്കു വരുന്നത്. മൂന്ന് മാസക്കാലം ആഹാരം കഴിച്ചു ശരീരത്തിൽ കൊഴുപ്പ് ശേഖരിച്ചു മണ്ണിനടിയിലേക്ക് പോകുകയും ചെയ്യുന്നു. പർപ്പിൾ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുമ്പോൾ അതിന്റെ മൂല വഴികളിൽ തങ്ങളുടെ സംഭവനകൂടിയുണ്ടെന്നുള്ള അഭിമാനത്തിലാണ് തട്ടേക്കാട് പക്ഷി സങ്കേതം. പശ്ചിമഘട്ടത്തിന്റെ പക്ഷിക്കൂടായ തട്ടേക്കാട്, വർഷത്തിൽ ഒരിക്കൽ മാത്രം നാട് കാണുവാൻ പുറത്തിറങ്ങുന്ന മാവേലിത്തവളയുടെ പാതാളമായിരുന്നു എന്ന സന്തോഷത്തിലുമാണ്.

വിവരങ്ങൾക്ക് കടപ്പാട് : ഡോക്ടർ ആർ. സുഗതൻ , ഷിബു ദാസ് , റെജീവ് തട്ടേക്കാട്.
ഫോട്ടോസ് : ഡോക്ടർ ആർ. സുഗതൻ.

Leave a Reply