ഓഫ് റോഡ് ചലഞ്ചിൽ മിന്നും താരമായി കോതമംഗലം സ്വദേശി അതുൽ തോമസ്.


കോതമംഗലം : ഭൂതത്താൻകെട്ട് ഓഫ് റോഡ് മത്സരങ്ങളിലൂടെ പുതിയ കാലത്തിന്റെ മാറ്റങ്ങളും , ഓഫ് റോഡ് വാഹനങ്ങളുടെ കഴിവുകളും അടുത്തറിയാൻ സാധിച്ചവരാണ് കോതമംഗലം നിവാസികൾ. അവരിൽ ഒരാളായി വന്ന ഒരു യുവാവ് ഇപ്പോൾ ഇന്ത്യയിൽ അറിയപ്പെടുന്ന ഓഫ് റോഡ് ഡ്രൈവർ ആയി മാറിയിരിക്കയാണ്. കോതമംഗലം മുനിസിപ്പൽ കൗൺസിലർ കെ വി തോമസിന്റെ മകൻ അതുൽ തോമസ് ആണ് ഇപ്പോൾ മിക്ക ഓഫ് റോഡ് ചലഞ്ചുകളിലേയും വിജയിയായി മാറുന്നത്.

കഴിഞ്ഞ ദിവസം അവസാനിച്ച കോഴിക്കോട് മത്സരത്തിലും വിന്നിക്കൊടി പാറിച്ചത് നമ്മുടെ നാട്ടുകാരൻ തന്നെയാണ്. കല്ലും ,ചെളിയും നിറഞ്ഞ റോഡിനോട് പടവെട്ടിയാണ് ഡീസൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം അതുൽ കരസ്ഥമാക്കിയത്. കോ ഡ്രൈവറായി നിഖിൽ വര്ഗീസും ഉണ്ടായിരുന്നു.

ജനുവരിയിൽ മലപ്പുറത്ത് നടന്ന ഓഫ് റോഡ് ജംബൂരിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചയാളാണ് അതുൽ തോമസ്. പെട്രോൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഡീസൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓപ്പൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും അതുൽ നേടി.അരുണാചലില്‍ വെച്ച് കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ കെ പി ജിനീഷ് എന്ന ജിത്തുവിനെ സഹായിക്കാനാണ് ‘ ഓഫ് റോഡ് ജംബൂരി’ സംഘടിപ്പിച്ചത്.

മഹീന്ദ്ര സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈപ്പിടിയിൽ ഒതുക്കിയ വ്യക്തികൂടിയാണ് അതുൽ. അങ്ങനെ നാടിന്റെ ഏത് കോണിലുമുള്ള ഓഫ് റോഡ് മത്സരങ്ങളിലും പങ്കെടുത്തു തന്റെ മാസ്മരിക ഡ്രൈവിംഗിലൂടെ വിജയ കപ്പ് കോതമംഗലത്തെത്തിക്കുന്ന മിന്നും താരമായി മാറിയിരിക്കുകയാണ് അതുൽ തോമസ്.

Leave a Reply