ചരിത്രസ്മാരകത്തിന് അവഗണന; നേര്യമംഗലത്തെ റാണി കല്ല് നാശത്തിന്റെ വക്കിൽ

neriyamangalam

നേര്യമംഗലം :രാജഭരണത്തിന്റെ ശിലാശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥാപിച്ചിട്ടുള്ള റാണി കല്ലാണ് അനാഥമായി കിടക്കുന്നത്. 87-വർഷം മുമ്പ് ഹൈറേഞ്ചിലൂടെ റോഡ് നിർമിച്ചപ്പോൾ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് കല്ല് സ്ഥാപിച്ചത്. ചരിത്രത്തിന്റെ അവശേഷിപ്പായ ഈ സ്മാരകം കാലാകാലങ്ങളിൽ പെയിന്റ് ചെയ്യുന്നതൊഴിച്ചാൽ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ആരും നോക്കാനില്ലാതായതോടെ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പകൽസമയത്തുപോലും ഇവിടം മദ്യപാനികളുടെ കേന്ദ്രമാണ്. സംരക്ഷണഭിത്തികെട്ടി ചരിത്രസ്മാരകം സംരക്ഷിക്കണമെന്ന് കാലാകാലങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയില്ല.

നശിക്കുന്നത് 1924-ലെ പ്രളയാനന്തരമുള്ള ഹൈറേഞ്ചിന്റെ ചരിത്രം. രാജഭരണകാലത്ത് ആദ്യമുണ്ടായിരുന്നത് ആലുവ-മൂന്നാർ റോഡ്‌ കോതമംഗലം, തട്ടേക്കാട്, പൂയംകൂട്ടി, പെരുമ്പൻകുത്ത് പാതയായിരുന്നു. 1924-ലെ വെള്ളപ്പൊക്കത്തിൽ ഈ പാതയുടെ ഭൂരിഭാഗവും ഒലിച്ചുപോയി. ഇതിനെത്തുടർന്നാണ് അടിമാലിവഴി പുതിയ പാത വെട്ടുന്നത്. റോഡിന്റെ ഉദ്ഘാടന വേളയിൽ നിർമിച്ചതാണ് നേര്യമംഗലത്തുള്ള റാണി കല്ല്. തിരുവിതാംകൂർ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നത്തോടെ സ്ഥാപിച്ചതാണ് ഈ ശിലാഫലകം. നേര്യമംഗലം പാലത്തിന് സമീപം മഹാറാണി ശിലാഫലകം സ്ഥാപിച്ചതോടെ പിൽക്കാലത്ത് ‘റാണി കല്ല് വളവ്’ എന്ന് ഈ സ്ഥലം അറിയപ്പെട്ടു തുടങ്ങി.

Leave a Reply