കോതമംഗലം: നേര്യമംഗലം ആർച്ച് പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം, കാൽനടയാത്രക്കാർ ദുരിതത്തിൽ, അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് പെരിയാർ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വളരെ പഴക്കമേറിയ നീളം കൂടിയ ആർച്ച് പാലത്തിൽ ഒരു ചെറിയ മഴ പെയ്താൽ പോലും നാല് സ്ഥലത്തായി വലിയ തോതിൽ വെള്ളം കെട്ടിക്കിടന്ന് മലിനജലമായി മാറുന്നു. ഇതു മൂലം ഇഞ്ചത്തൊട്ടി – കാഞ്ഞിരവേലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാൽനടയായി നേര്യമംഗലത്ത് എത്തിച്ചേരാൻ ഏക ആശ്രയമായ പാലത്തിലൂടെയുള്ള കാൽനടയാത്ര ദുരിതമായി മാറി സ്ക്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്ന് നീങ്ങുമ്പോൾ വാഹനങ്ങൾ കടന്ന് പോകുമ്പോൾ മലിനജലം ദേഹത്ത് തെറിക്കുന്നതും ദേഹം അഴുക്കായി യാത്ര മുടങ്ങുന്നതും മഴക്കാലമായാൽ നിത്യസംഭവമായി മാറി. പാലത്തിലെ അശാസ്ത്രീയമായ ടാറിംങ്ങ്മൂലം കുഴികൾ രൂപപ്പെടുകയും പാലത്തിൽ വെള്ളം പുറത്തേക്ക് പോകേണ്ട എട്ടോളം ഓവുകൾ അടഞ്ഞതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്നും ആയതിനാൽ പാലത്തിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു.
ഫോട്ടോ: കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ,ഇതു മൂലം കാൽനടയാത്രക്കാർ ദുരിതത്തിലാണ് പാലത്തിൽ നാല് സ്ഥലത്താണ് ഇത്തരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്.