കൗതുകവും, കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയുമായി കുട്ടമ്പുഴ വന മേഖലയിലെ ‘മൂട്ടിപ്പഴം’


കോതമംഗലം : കുട്ടമ്പുഴ വനമേഖല പ്രകൃതി സമ്പത്തുകൊണ്ട് നാടിന്റെ വിസ്മയ ഖനിയാണ്. വന്യ മൃഗങ്ങളും , പക്ഷി മൃഗാദികളും, വന സസ്യലതാതികളും , വൻ മരങ്ങളും , ഫല വൃക്ഷങ്ങളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രകൃതി സമ്പത്തിന്റെ അമൂല്യ ശേഖരമാണ് കോതമംഗലം മണ്ഡലത്തിനെ തലപ്പാവ് പോലെ ആവരണം ചെയ്തിരിക്കുന്ന കുട്ടമ്പുഴ വന മേഖല . കുട്ടമ്പുഴ തട്ടേക്കാട് കാട്ടിനുള്ളിലാണ് നയന മനോഹര കാഴ്ചയായി മൂട്ടിപ്പഴ മരം പൂത്തു നിൽക്കുന്നത്.

ബക്കൗറിയ കോറിട്ടിലെൻസിസ് (വൈൽഡ് ലിച്ചി ) എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ സസ്യത്തെ അറിയപ്പെടുന്നത്. മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പൻ, കുറുക്കൻതൂറി, കുന്തപ്പഴം, മൂട്ടിത്തൂറി തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണു മൂട്ടിപ്പഴമരത്തെ സാധാരണ കാണപ്പെടുന്നത്. ആദിവാസി വിഭാഗത്തിൽപെട്ടവരും വന വിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ കയറുന്നവരുമാണ് ഈ പഴം ഉപയോഗിച്ചു വന്നിരുന്നത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനത്തിനുള്ളിലെ ചെറിയ ഇടവഴികളോട് ചേർന്ന് മുട്ടി മരങ്ങൾ പൂത്തു നിൽക്കുന്ന മനോഹര ദൃശങ്ങൾ പകർത്തിയത് വനം വകുപ്പിലെ ഉദ്യോഗസ്ഥനായ ഷിബു ദാസ് ആണ് . പഴ പ്രിയരായ കുരങ്ങന്മാർ മുതൽ ഇഴ ജന്തുക്കൾ വരെ വനത്തിലെ മൂട്ടി പഴത്തിന്റെ അവകാശികൾ ആണ് . പലപ്പോളും മരത്തിന്റെ താഴേ ആമകളെ കാണുവാറുണ്ടെന്ന് ഷിബു ദാസ് വ്യക്തമാക്കുന്നു. ഭൂതത്താൻകെട്ട് , ഇടമലയാർ , മലയാറ്റൂർ, പൂയംകുട്ടി വന മേഖലകളിൽ ധാരാളം മുട്ടി മരങ്ങൾ ഉണ്ടെന്ന് വന പാലകരും വ്യക്തമാക്കുന്നു.

മറ്റ് മരങ്ങളിൽ നിന്നും വ്യത്യസ്തമായി വൃക്ഷത്തിന്റെ തായ്ത്തടിയുടെ മൂട്ടിൽ ആണ് പഴങ്ങൾ തൂങ്ങി കിടക്കുന്നത് . ഇതുകൊണ്ടാണ് ഈ വൃക്ഷത്തിനു മൂട്ടിപ്പഴമെന്ന പേരുവന്നത്. പുളിപ്പും മധുരവുമുള്ളതുമാണ് ഈ ഫലം. റംബൂട്ടാന്റെ ഫലവുമായി ഇതിന് ഏറെ സാമ്യമുണ്ട്. നേർത്ത കട്ടി കുറഞ്ഞ തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുന്നത്. ഉദരരോഗത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്നും,  ഡെങ്കി പണി ബാധിതർ മൂട്ടിപ്പഴം കഴിക്കുക വഴി രക്തത്തിലെ കൗണ്ടിന്റെ അളവ് വർദ്ധിക്കുന്നതായും പറയപ്പെടുന്നു.

വനത്തിൽ താനേ മുളച്ചു വളരുന്ന മുട്ടി മരം കായ്ക്കുവാൻ ഏകദെശം 6 – 8 വർഷം എടുക്കും. ഓരോ വനത്തിലെയും ആവാസവ്യവസ്ഥക്ക് അനുസരിച്ചു മരത്തിലെ പൂക്കൾക്ക് നിറവ്യത്യാസം ഉണ്ടാകുന്നതായി വനം വകുപ്പിലെ ജീവനക്കാർ വ്യക്തമാക്കുന്നു. ശബരിമല , മറയൂർ മേഖലകളിൽ വെള്ളയുടെ പല വകഭേദങ്ങളിൽ പൂക്കൾ ഉണ്ടാകുന്നുണ്ട്.

മാർച്ച് മാസത്തോടെ പൂക്കൾ കൊണ്ട് നിറയുന്ന മരങ്ങളിൽ മെയ് ,ജൂൺ മാസങ്ങളിൽ മൂട്ടിപ്പഴം കഴിക്കുവാൻ പാകത്തിൽ വിളയുകയും ചെയ്യും. ആൺ, പെൺ മരങ്ങൾ പൂക്കുമെങ്കിലും പരാഗണത്തിന് ശേഷം ആൺ മരത്തിലെ പൂക്കൾ കൊഴിഞ്ഞു പോകുകയും , പെൺ മരത്തിൽ കായ്‌കൾ പിടിക്കുകയും ചെയ്യുന്നു.

മൂട്ടിപ്പഴത്തിന്റെ ഗുണത്തിലും മനോഹാരിതയിലും ആകൃഷ്ടരായ ചിലർ വീടുകളിൽ മരം നട്ടുവളർത്തി തുടങ്ങിയിട്ടുണ്ട്. മരത്തിന്റെ തടിയിൽ അടിഭാഗത്തുനിന്നും പൂക്കൾ വിരിഞ്ഞു വരുന്നതും , കടും ചുമപ്പിൽ തടി മുഴുവൻ തൂങ്ങി കിടക്കുന്നതും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ദളങ്ങളില്ലാത്ത പൂക്കൾക്കു ചുവപ്പു നിറമാണ്. പഴുക്കുമ്പോൾ പഴത്തിന്റെ നിറം കടുംചുവപ്പാകും.

മറ്റുള്ള വൃക്ഷങ്ങളെ പോലെ ഇതിന്റെ ശിഖരങ്ങളിൽ അധികം പഴം ഉണ്ടാകാറില്ല. അങ്ങനെ വീടിന്റെ അരികിൽ അലങ്കാര ഫലവൃക്ഷമായി വളർത്തുകയും ചെയ്യുന്നു.

Kothamangalam News

കുട്ടമ്പുഴ വന മേഖലയിലെ 'മൂട്ടിപ്പഴം'

Kothamangalamnewsさんの投稿 2019年3月10日日曜日

മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ഇഷ്ടഭക്ഷണമായിരുന്ന മുട്ടി പഴം ഇപ്പോൾ നാടിറങ്ങി നാട്ടുകാരുടെ കൂടി ഇഷ്ടപെട്ട പഴമായിരിക്കുകയാണ്.

Leave a Reply