കോതമംഗലം മിനി സിവിൽ സ്റ്റേഷൻ മാർച്ച് 5 ന് പ്രവർത്തനമാരംഭിക്കും: ആന്റണി ജോൺ എംഎൽഎ.


കോതമംഗലം- കോതമംഗലം മിനി സിവിൽ സ്റ്റേഷൻ മാർച്ച് 5 ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആദ്യ ഘട്ടത്തിൽ താലൂക്ക് ഓഫീസ്,താലൂക്ക് സപ്ലൈ ഓഫീസ്,ലീഗൽ മെട്രോളജി ഓഫീസ് എന്നിങ്ങനെ മൂന്ന് ഓഫീസുകൾ മാറ്റിക്കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പ്രവർത്തികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തുമെന്നും എംഎൽഎ പറഞ്ഞു. മിനി സിവിൽ സ്റ്റേഷന്റെ മുടങ്ങിക്കിടന്നിരുന്ന പ്രവർത്തികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഐറ്റം റിവൈസിനു വേണ്ടി റിവൈസഡ് എസ്റ്റിമേറ്റ് തയ്യാറാക്കി 3.9 കോടി അംഗീകാരം ലഭ്യമാക്കിയിരുന്നു. ഈ സർക്കാരിന്റെ കാലത്ത് ആദ്യമായിട്ടായിരുന്നു ഐറ്റം റിവൈസിനു അംഗീകാരം ലഭിച്ചത്. ഇതിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളും പ്രവർത്തിക്കാൻ ആവശ്യമായ സ്പേയ്സ് അലോട്ട്മെന്റും പൂർത്തീകരിച്ചു.

7 നിലകളുള്ള മിനി സിവിൽ സ്റ്റേഷനിൽ ഓഫീസുകൾക്കു പുറമേ കോൺഫറൻസ് ഹാളും,റീഡിങ്ങ്&റീ ക്രിയേഷൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.ആദ്യ ഘട്ടമായി മൂന്ന് ഓഫീസുകളാണ് പ്രവർത്തനമാരംഭിക്കുന്നത് തുടർന്ന് നിലവിൽ റവന്യൂ ടവറിലും പുറത്ത് വാടക കെട്ടിടത്തിലും പ്രവർത്തിച്ചു വരുന്ന മുഴുവൻ സർക്കാർ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. മിനി സിവിൽ സ്റ്റേഷനു വേണ്ടി 20 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ പ്രൊഫ: പോൾ ആന്റണി ഉണ്ണൂപ്പാടനെ ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply