മീശപ്പുലിമല ; കോതമംഗലത്തെ മാധ്യമ പ്രവർത്തകന്റെ യാത്രാ വിവരണം , പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ചകളുടെ വസന്തം.


കോതമംഗലം : പ്രമുഖ മാധ്യമ പ്രവർത്തകനായ പ്രകാശ് ചന്ദ്രശേഖര്‍ മീശപ്പുലിമലയിലേക്ക് നടത്തിയ യാത്രയിൽ, പ്രകൃതി ഒരുക്കുന്ന കാഴ്ച്ചാനുഭവങ്ങൾ ഏതൊരു സഞ്ചാരിയുടെയും മനസ്സ് കീഴടക്കുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 8661 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും, സംസ്ഥാന പരിധിയില്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയുമായ മീശപ്പുലിമലയിലെ കാഴ്ചകൾ അവിസ്മരണീയമെന്ന് പ്രകാശ് ചന്ദ്രശേഖർ വെളിപ്പെടുത്തുന്നു.

കൊടും തണുപ്പില്‍ ഒരേസമയം അമ്പരപ്പും അത്ഭുതവും ആഹ്‌ളാദവും പകരുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ കാണികള്‍ക്കായി കരുതിവച്ചിട്ടുള്ളത്. ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതിയാണ് കുന്നിന്‍മുകളിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. തണുത്തുവിറച്ചു നിൽക്കുന്ന നമ്മളിൽ അമ്പരപ്പും അത്ഭുതവും ആഹ്‌ളാദവും പകരുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ കാണികള്‍ക്കായി കരുതിവച്ചിട്ടുള്ളത്.  മലയുടെ താഴ്‌വാരങ്ങളെ തഴുകി വെണ്‍മേഖങ്ങള്‍ ഒഴുകി നടക്കുന്നതും ശക്തമായ കാറ്റില്‍ കോടമഞ്ഞിന്‍ പാളികള്‍ ചൂറ്റും പറന്നു നടക്കുന്നതും ചുറ്റും വ്യാപിച്ചുകിടക്കുന്ന മലനിരകളും പച്ചപ്പുമെല്ലാം പ്രദേശത്തിന്റെ മനോഹാരതയക്ക് മാറ്റുകൂട്ടുന്നു.

ആനയിറങ്കല്‍ ഡാം,ആനമുടി,കുരങ്ങിണി മല,പഴനി മലയുടെ ചിലഭാഗങ്ങള്‍ എന്നിവ മഞ്ഞകലുന്ന സമയങ്ങളില്‍ ഇവിടെ നിന്ന് കാണാന്‍ സാധിയ്ക്കും. ചില ദിവസങ്ങളില്‍ വൈകിട്ട് ഇരുട്ട് വീഴുന്നത് മുതല്‍ പുലര്‍ച്ച സൂര്യരശ്മികള്‍ പരക്കും വരെ ഇവിടെ അസഹനീയമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ പൂജ്യത്തില്‍ താഴെയാണ് ഇവിടുത്തെ താപനില. പ്രദേശത്തെ ശക്തമായ കാറ്റ് തണുപ്പ് വര്‍ദ്ധിയ്ക്കുന്നതിന് കാരണമാവുന്നുണ്ട്. 40-50 കിലോമീറ്റര്‍ വേഗതയില്‍ വരെ പുലര്‍കാലങ്ങളില്‍ ഇവിടെ കാറ്റുവീശുന്നുണ്ട്. ചില ദിവസങ്ങളില്‍ താപനിലകുറഞ്ഞ് മലയടിവാരത്തെ കുളത്തിലെ വെള്ളവും ഐസായി രൂപാന്തരപ്പെടുന്നുണ്ട്. കുത്തനെ കയറ്റവും ഇറക്കവുമുള്ള നടപ്പാതയില്‍ ഓരോ അടിയും അതീവ ശ്രദ്ധിയോടെ നീങ്ങിയില്ലങ്കില്‍ ഒരു പക്ഷേ മരണം വരെ സംഭവിക്കാം. പൊടിമണ്ണും ചരലും നിറഞ്ഞ വഴിയിലുടെയാണ് ഇവിടേയ്ക്കുള്ള യാത്ര. മലകയറുമ്പോള്‍ ചരലില്‍ ചവിട്ടി, ബാലന്‍സ് തെറ്റി നിലംപതിയ്ക്കുന്നതിനുള്ള സാധ്യതയേറെയാണ്. വീഴ്ചയില്‍ ഇവിടെ വളരുന്ന മീശപ്പുല്ലിലോ ചെറുമരങ്ങളിലോ പിടുത്തംകിട്ടിയില്ലങ്കില്‍ അഗാത ഗര്‍ത്തത്തിലേയ്ക്കായിരിക്കും പതിയ്ക്കുക. ഇത്തരത്തില്‍ അപടകടത്തില്‍പ്പെടുന്നവര്‍ രക്ഷപെടണമെങ്കില്‍ അത്ഭതങ്ങള്‍ സംഭവിയ്ക്കണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അപകടരഹിതമായ യാത്രയ്ക്ക് ഇവിടുത്തെ ഗൈഡുകളുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുക മാത്രമാണ് പോംവഴിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സാധാരണ നിലിയില്‍ ഇവിടുത്തെ ഷൂട്ടിംഗ് പോയിന്റില്‍ നിന്നാണ് സന്ദര്‍ശകര്‍ സൂര്യോദയം കാണുന്നത്. താമസകേന്ദ്രമായ റോഡോമാന്‍ഷനില്‍ നിന്നും 400 മീറ്ററോളം മലകയറിയാല്‍ ഇവിടെ എത്താം.ഇതിന് അരമണിക്കൂറോളം സമയത്തെ നടപ്പ് മതിയാവും. മീശപ്പുലിമലയുടെ എറ്റവും ഉയര്‍ന്ന ഭാഗത്തെത്താന്‍ ഇവിടെ നിന്നും രണ്ടുകിലോമീറ്ററിലേറെ സഞ്ചരിച്ചരിയ്ക്കണം. അതും അപകടം പതിയിരിക്കുന്ന നടപ്പാതയിലൂടെ.അല്‍പം സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേയ്ക്കുള്ള യാത്ര ത്രില്ലിംഗായിരിക്കുമെന്നാണ് ഗൈഡുകളുടെ വിലയിരുത്തല്‍.

പുലര്‍ച്ചെ 6.10 മുതല്‍ 6.25 വരെയുള്ള സമയങ്ങളിലാണ് ഇവിടെ സൂര്യോദയം ദൃശ്യമാവുക.ഷൂട്ടില്‍ പോയിന്റിലെ സൂര്യോദയ ദര്‍ശനത്തിന് താമസ കേന്ദ്രത്തില്‍ നിന്നും പുലര്‍ച്ചെ 5.30 -നും ഹില്‍ടോപ്പിലെ സൂര്യോദയം ദര്‍ശിയ്ക്കുന്നതിന് 4.20 നും പുറപ്പെടണം. മലമുകളിലെത്തിയപ്പോള്‍ തണുപ്പ് വില്ലനായി. കൈവിരലുകള്‍ മരവിച്ച അവസ്ഥയിലായി.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാമറ പിടിയ്ക്കാന്‍ പോലും കൈവഴങ്ങാത്ത സ്ഥിതി.ഒടുവില്‍ കൈവിരലുകളും സെറ്ററിനുള്ളില്‍ ഒളിപ്പിച്ചപ്പോഴാണ് നേരിയ ആശ്വാസമായത്. ആദ്യമായതിനാലാവാം ഇവിടുത്തെ തണുപ്പില്‍ ശരീരം കിടുകിട വിറച്ചു.ഏകദേശം 20 മിനിട്ടോളം ഇവിടെ ഈ നിലയില്‍ കഴിച്ചുകൂട്ടി.അപ്പോഴേയ്ക്കും അങ്ങ് ദൂരെ മഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞവെളിച്ചം മിന്നിമറയുന്നത് കണ്ടു.

മഞ്ഞും മഴക്കാറും പ്രകാശം മറച്ചതിനാല്‍ സൂര്യകിരണങ്ങള്‍ ഇടവിട്ടാണ് താഴേയ്ക്ക് പതിച്ചത്.ഇതുമൂലം ഉദയത്തിന്റെ മനോഹാരിതയ്ക്കും നേരിയ മങ്ങലേറ്റു.8.30 തോടടുത്താണ് പ്രദേശം വ്യക്തമായികാണത്തക്കവിധം സൂര്യപ്രകാശം പരന്നത്.പിന്നെ കണ്ടത് കാഴ്ചകളുടെ പൂരം. തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍ ഒരിടത്ത് വെള്ളമൊഴുകുന്ന തോടിനോട് ചേര്‍ന്ന് പുലുയുടെ കാല്‍പ്പാട് മുനിച്ചാമി കാണിച്ചുതന്നു. ഏറെ ദൂരം പിന്നിടും മുമ്പ് വഴിയില്‍ വരയാടിന്റെ രോമം വ്യക്തമായിക്കാണുന്ന പുലിക്കാഷ്ടവും കണ്ടു.യാത്രക്ഷീണത്തിനപ്പുറം ഉള്ളില്‍ തെല്ലുഭയപ്പാടുമായിട്ടായിരുന്നു പിന്നീടുള്ള യാത്ര.പകല്‍ സമയങ്ങളില്‍ ഇവിടെ ഇതുവരെ പുലിയെ കണ്ടിട്ടില്ലന്നുള്ള മുനിച്ചാമിയുടെ ഉറപ്പുമാത്രമായിരുന്നു ഈ ഘട്ടത്തില്‍ ആകെയുണ്ടായിരുന്ന മനോബലം.റോഡോമാന്‍ഷന്‍ കോട്ടേജില്‍ തിരിച്ചെത്തിയപ്പോഴാണ് ഭയപ്പാട് പൂര്‍ണ്ണമായും വിട്ടകന്നത്.


പുള്ളിപ്പുലിയുടെയും കരിമ്പുലിയുടെയും കാട്ടുപോത്തിന്റെയും കാട്ടാന കൂട്ടങ്ങളുടെയുമെല്ലൊം വിഹാര കേന്ദമായ വനപാതയിലൂടെയായിരുന്നു യാത്രയെന്നറിഞ്ഞപ്പോള്‍ നെഞ്ചിടുപ്പ് വല്ലാതെ കൂടി.2013 മുതല്‍ ഇടവിട്ട് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെത്തുന്നുണ്ടെന്നും ഇവരിലാര്‍ക്കും വന്യമൃഗങ്ങളില്‍ നിന്നും ഒരു പോറല്‍ പോലുമേറ്റിട്ടില്ലന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോഴാണ് ഇക്കാര്യത്തിലെ ആശങ്കവിട്ടകന്നത്.പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനം തന്നെയാണ് ഇതിന് മുഖ്യകാരണമെന്നും സഞ്ചാരികള്‍ ഇവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതുപടി പാലിച്ചാല്‍ ഹില്‍ടോപ്പിലെ വിസ്മയക്കാഴ്ചകള്‍ സുഗമമായി കണ്ടുമടങ്ങാമെന്നുമാണ് ഇക്കൂട്ടരുടെ ഉറപ്പ്.
മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി വഴിയും സൂര്യനെല്ലി വഴിയും ഇവിടെ എത്താം.മൂന്നാര്‍ -മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് -അരുവിക്കാട് വഴിയാവുമ്പോള്‍ 34 കിലോമീറ്ററും മൂന്നാര്‍ -സൈലന്റ് വാലി റോഡുവഴിയാവുമ്പോള്‍ 34 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ഏകദേശ ദൂരം.
മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ നിന്നും ആരംഭിയ്ക്കുന്ന പാതയിലൂടെ ഇവിടേയ്ക്കുള്ള യാത്രയില്‍ എങ്ങും ഹരിതശോഭ ദൃശ്യമാണ്.കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിലൂടെ മലകളെ വലം വച്ചുള്ള യാത്രയിലെ കാഴ്ചകള്‍ ഏറെ മനോഹരമാണ്.മലനിരകളിലും താഴ്‌വാരങ്ങളിലും വ്യാപിച്ചുകിടക്കുന്ന തേയിലക്കാടുകളാണ് ഈ പാതയിലെ പ്രധാന കാഴ്ച.
അരുവിക്കാട് വരെ വാനങ്ങള്‍ക്ക് സഞ്ചരിയ്ക്കുന്നതിന് കാര്യമായ ബുദ്ധിമുട്ടില്ല.ഇവിടെ നിന്നും ഓഫ് റോഡില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങളില്‍ മാത്രമേ യാത്ര സാധ്യമാവു.അരുവിക്കാടുനിന്നും രണ്ട് കിലോമീറ്ററോളം പിന്നിട്ടാല്‍ ബേസ്സ് ക്യാമ്പിലെത്താം.ടെന്റില്‍ താമസിയ്ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഇവിടെ കെ എഫ് ഡി സി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ നിന്നും താമസൗകര്യം ലഭ്യമാവുന്ന അടുത്ത പോയന്റിലെത്താന്‍ 5 കിലോമാറ്റര്‍ സഞ്ചരിയ്ക്കണം.ഇവിടെ താസക്കാര്‍ക്ക് ലക്ഷ്വറി സൗകര്യങ്ങള്‍ ലഭിയ്ക്കും.വ്യത്യസ്ഥ നിരക്കുകളില്‍ ഇവിടുത്തെ കോട്ടേജുകളില്‍ മുറികള്‍ ലഭ്യമാവും.
ഈ കേന്ദ്രത്തില്‍ നിന്നും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്‍പ്പെടുന്ന 2.5 കിലോമീറ്റര്‍ ദൂരം നടന്നാല്‍ എറ്റവും ഉയര്‍ന്ന പ്രദേശത്തെത്താം.നടപ്പ് ശീലമുള്ളവര്‍ക്ക് ഏകദേശം ഒരു മണിക്കൂര്‍കൊണ്ടും അല്ലാത്തവര്‍ക്ക് പരമാവധി രണ്ട് മണിക്കൂര്‍കൊണ്ടും ഇവിടെയെത്താം.
ചെറുതും വലുതുമായ നിരവധി മലകള്‍ കയറി ഇറങ്ങിയാണ് മീശപ്പുലിമല ഹില്‍ടോപ്പില്‍ സൂര്യോദയം ദൃശ്യമാവുന്ന സ്ഥലത്ത് എത്തുന്നത്.ബേസ്സ് ക്യാമ്പില്‍ നിന്നും 5 കിലോ മീറ്റര്‍വരെ വാഹനത്തിലും പിന്നീട് നടന്നും ഇവിടെ എത്താം.ദക്ഷിണേന്ത്യയില്‍ മനുഷ്യവാസം സാധ്യമാവുന്ന ഇത്രയും ഉയര്‍ന്ന പ്രദേശം മീശഷപ്പുലിമല മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ഹില്‍ടോപ്പ് ഉള്‍പ്പെടുന്ന വനമേഖല നിരവധി അപൂര്‍വ്വ സസ്യ-ജന്തു ജാലങ്ങളുടെ കലവറകൂടിയാണ്.ആന,കരിമ്പുലി,പുള്ളിപ്പുലി,കടുവ,കാട്ടുപോത്ത് തുടങ്ങിയവയും വംശനാശ ഭീഷിണി നേരിടുന്ന മരനായ ഇനത്തില്‍പ്പെട്ട നീലഗിരി മാര്‍ട്ടന്‍,വരയാട് എന്നിവയെയും ഇവിടെ കാണാം.

നിലവില്‍ ഈ പ്രദേശത്തെത്തണമെങ്കില്‍ കേരള വനംവികസന കോര്‍പ്പറേഷന്റെ പ്രവേശനപാസ്സ് നിര്‍ബന്ധമാണ്.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കെ എഫ് ഡി സി ഇവിടേയ്ക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമാണ് പ്രവേശന പാസ്സ് ലഭിയ്ക്കുന്നത്.താമസ കേന്ദ്രങ്ങളുടെ നിരക്കും സൗകര്യങ്ങളും www.kfdcecotourism.com എന്ന സൈറ്റില്‍ ലഭ്യമാണ്.

Leave a Reply