182 ഏക്കറിൽ പാഷൻ ഫ്രൂട്ട് കൃഷി, നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ ; കോതമംഗലത്തെ മലനാട് പാഷൻ ഫ്രൂട്ടിന് ‘മലയാള ശ്രീ’ അവാർഡ്


തൃശൂർ : “നമ്മുടെ മലയാളം” ഏർപ്പെടുത്തിയ മികച്ച ഫുഡ് പ്രൊഡക്ടീനുള്ള മലയാളശ്രീ അവാർഡിന് കോതമംഗലം കേന്ദ്രമായ മലനാട് പാഷൻ ഫ്രൂട്ട് സാരഥികളായ കെന്നഡി പീറ്റർ, പ്രിൻസ് വർക്കി, മനോജ് എം, ജോസഫ് എന്നിവർ അർഹരായി. ഒട്ടേറെ ഔഷധഗുണവും പോഷകസമ്യദ്ധവുമായ പാഷൻ ഫ്രൂട്ട് സ്വാഭാവിക തനിമയോടെ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ഇവരുടെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡ്.

2013 ൽ 10 ഏക്കർ സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ച മലനാട് ഇന്ന് ഇന്ത്യയിലെതന്നെ
പാഷൻ ഫ്രട്ടിന്റെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനിയാണ്. 2014 ൽ പ്രൊസസിങ് യൂണിറ്റ് തുടങ്ങി 182 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. നെല്ലിയാമ്പതിയിലെ സർക്കാർ ഫാമിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആദ്യം നിർമ്മാണം തുടങ്ങിയതെങ്കിലും പിന്നീട് സ്വന്തമായി വികസിപ്പിച്ചെടുത്ത ടെക്നോളജിയിലൂടെ ഗുണമേന്മ പൂർണമായും നിലനിർത്താൻ കുരുവും ചേർത്താണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.

സ്ക്വാഷ്, ജാം, ക്രഷ് , ഗ്ലേസ് തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇവർ വിപണിയിൽ ഇറക്കുന്നുണ്ട്. കേരളത്തിന് പുറമെ ദൽഹി, മുംബൈ , ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ന് മലനാട് ഉത്പന്നങ്ങൾക്ക് വിപണിയുണ്ട്. 22000-2018 ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത പാഷൻ ഫ്രൂട്ട് മികച്ച വിളയാക്കി മാറ്റി വ്യാവസാ
യികാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും മൂല്യവർധിത ഉത്പന്നമാക്കി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മലനാടിന്റെ സാരഥികളുടെ ദീർഘവീക്ഷണം പ്രശംസനീയമാണെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി.

മൊമെന്റായും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് തൃശൂർ .എം, സി, എ. ഹാളിൽ നടന്ന നമ്മുടെ മലയാളം വാർഷികാഘോഷ ചടങ്ങിൽ നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എം.എൽ.എ. സമ്മാനിച്ചു.

Leave a Reply