ഡീൻ കുര്യാക്കോസും, ജോയ്സ് ജോർജും വീണ്ടും മലയോര മണ്ണിന്റെ ജനവിധി കാത്ത്; “ഇടുക്കി ഗോൾഡ്” ഇനിയാരുടെ കൈകളിലേക്ക് ?.


▪ ഷാനു പൗലോസ്.

കോതമംഗലം: കോടമഞ്ഞും കാട്ടുപാതയും ഒപ്പം കാഴ്ചകളുടെ വിസ്മയവുമായി ആരെയും കൊതിപ്പിക്കുന്ന മിടുക്കിയായ ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ മനുഷ്യർക്കും മണ്ണിന്റെ ഗന്ധമാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിന്റെ ജനതയുടെ, അവരുടെ ആവശ്യങ്ങളുടെ മനസ്സറിയുന്നവരെ രാഷ്ടീയം മറന്ന് ചേർത്ത് പിടിക്കുന്ന മനുഷ്യരുടെ ഭൂമിക വീണ്ടും തെരെഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ പ്രവചനം അസാധ്യം.

ഇത്തവണ ഇടത് പക്ഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ജോയ്സ് ജോർജിനെ സ്ഥാനാർത്ഥിയായി ഒരുക്കി നിർത്തിയിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കാരണം പൊതുവെ കോൺഗ്രസിന് വേരോട്ടം കൂടുതലായ കൃഷിഭൂമിയിൽ ഇനിയൊരു പുതുമുഖത്തെ നട്ടു നനച്ച് വിജയം പരീക്ഷിക്കാൻ ഇടത് പക്ഷത്തിന് ധൈര്യമില്ലായിരുന്നുവെന്ന് വേണം കരുതാൻ.

സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കണമെന്ന് താഴെ തട്ടിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഫ്രാൻസിസ് ജോർജിന്റെ ജനകീയ മുഖമായിരുന്നു ഇതിന് വേണ്ടി ശബ്ദിച്ചവർ ചൂണ്ടിക്കാട്ടിയത്. എങ്കിലും കാര്യമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടകൊടുക്കാതെ ഇടത്പക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലവിലെ എം.പി കൂടിയായ ജോയ്സ് ജോർജിനെ പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കോൺഗ്രസിലെ സീറ്റ് ചർച്ച പൂർണ്ണമായിരുന്നില്ല. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുടെയും ജോസഫ് വാഴയ്ക്കന്റെയും പേര് കൂടി ഹൈക്കമാന്റിന് സമർപ്പിച്ച സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ ഡീൻ കുര്യാക്കോസ് മത്സരിക്കുമെന്ന് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരുന്നതുമാണ്.

ഇതിനിടയിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ “മാണി ഇഫക്ടിൽ” ശരിക്കും കുലുങ്ങിയത് ഇടുക്കിയാണ്. കോട്ടയം സീറ്റിൽ മാണി കോൺഗ്രസിലെ രണ്ടാമനായ പി.ജെ.ജോസഫ് മത്സരിക്കുമെന്ന് ഉറപ്പിച്ചിടത്ത് നിന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് മാണിയുടെ വിശ്വസ്ഥനായ തോമസ് ചാഴിക്കാടൻ സ്ഥാനാർത്ഥിയായത്. ഇതിനെതിരെ മാണി കോൺഗ്രസിലെ ജോസഫ് ഗ്രൂപ്പുകാർ സ്വരം കടുപ്പിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സ്വതവെ ശാന്തനായ പി.ജെയുടെ വ്യക്തമായ ജനകീയ അടിത്തറ അറിയാവുന്ന കോൺഗ്രസ് നേതാക്കൾക്ക് ജോസഫിനെ പാർട്ടിക്ക് പുറത്തേക്ക് വിടുവാൻ ഒട്ടും താല്പര്യമില്ലെന്ന വാർത്തയാണ് ഇടുക്കിയെ ഇടക്കൊന്ന് കുലുക്കിയത്.

കോൺഗ്രസ് മത്സരിക്കുന്നതിന് തയ്യാറാകുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കിയതിന് ശേഷം ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും, മുല്ലപള്ളി രാമചന്ദ്രനും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കൂടി ചർച്ച നടത്തിയതിന് പിന്നാലെ പി.ജെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാകുമെന്ന ശ്രുതി പരന്നിരുന്നു. ചർച്ചകളും കൂടിയാലോചനകളുമായി അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് ഡീൻ കുര്യാക്കോസിന്റെ വരവ്.

ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലും ഡീൻ കുര്യാക്കോസായിരുന്നു ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കായി ഇടത് പക്ഷം പരക്കം പാഞ്ഞപ്പോൾ യു.ഡി.എഫുമായി വ്യക്തമായ പിണക്കത്തിലായിരുന്ന കത്തോലിക്ക സഭയുടെ അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന സംഘടന കണ്ടെത്തിയ ജോയ്സ് ജോർജിനെ ഇടത്പക്ഷം നിബന്ധനകളില്ലാതെ സ്വീകരിക്കുകയായിരുന്നു. അതു കൊണ്ട് തന്നെ ഇതേ സമുദായംഗമായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെ കത്തോലിക്ക സഭ പരസ്യമായി കൈവിട്ടതും ഒപ്പം പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളുടെ ചേരിതിരിവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥിക്ക് പ്രത്യേക പരിഗണനയില്ലെന്ന പൊതുതത്വത്തിലേക്ക് സഭ മാറിയതിന്റെ തെളിവാണ് മണ്ഡലത്തിൽ നിർണ്ണായ സ്വാധീനമുള്ള കത്തോലിക്ക സഭയുടെ ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കാട്ടിലിന്റെ ഇടയലേഖനം. കത്തോലിക്ക സഭ ഈ തിരഞ്ഞെടുപ്പിൽ പരസ്യമായി രാഷ്ട്രീയത്തിൽ ഇടപെടുകയില്ലെന്നും, മത വിശ്വാസികൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യട്ടെ എന്നുമായിരുന്നു ഇടയലേഖനത്തിന്റെ ഉള്ളടക്കം. അത് പോലെ തന്നെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വൈരം തല താഴ്ത്തിയിട്ടുമുണ്ട്. ഇതൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡീനും ഒരു പരിധി വരെ അനുകൂല ഘടകമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേ സമയം ഇടത്പക്ഷ സ്ഥാനാർത്ഥി ജോയ്സ് ജോർജ് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രചരണത്തിന്റെ ആദ്യഘട്ടം തുടങ്ങികഴിഞ്ഞു.

ബി.ജെ.പി സ്ഥാനാർത്ഥി ആരെന്ന് തീരുമാനം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇടുക്കിയിൽ ഇരുമുന്നണികളുടേയും വോട്ടുബാങ്കിൽ വലിയൊരു വിടവുണ്ടാക്കുവാൻ തക്ക സ്ഥാനാർത്ഥിയാകുമെന്നും , ഒപ്പം ശബരിമല വിഷയത്തിൽ ഹൈന്ദവ സമുദായത്തിന്റെ നിലപാടുകൾ തങ്ങളുടെ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.കേന്ദ്രങ്ങൾ.

യു.ഡി.എഫിലേയും എൽ.ഡി.എഫിലേയും സ്ഥാനാർത്ഥികളുടെ മുഖം ഇടുക്കി മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ മുഖങ്ങൾ തന്നെ മലയോര മണ്ണിൽ വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഇരുപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. ഇടുക്കി കാത്തിരിക്കുന്നു. മണ്ണിനെ അറിയുന്ന, മണ്ണിന്റെ താളം മനസ്സിലേറ്റിയ, മനുഷ്യമനസ്സിന്റെ താളം തിരിച്ചറിയുന്ന മിടുക്കന് ഇടുക്കി ഗോൾഡ് നൽകി ചേർത്ത് പിടിക്കുവാൻ.

Leave a Reply