കുഞ്ഞുങ്ങളുമായി പട്ടണത്തിൽ എത്തിയ കാട്ടുതാറാവുകൾ കൗതുകക്കാഴ്ചയായി


കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി തെറ്റിയെത്തിയത്. ആൺ പക്ഷിക്കും പെൺ പക്ഷിക്കും ഒപ്പം 8 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. കാക്കകൾ ഉപദ്രവിക്കാൻ എത്തിയപ്പോൾ ഉണ്ടായ കൂട്ടക്കരച്ചിൽ കേട്ടാണ് സമീപത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ബിജു അടക്കമുള്ളവരുടെ ശ്രദ്ധയിൽ കാട്ടുതാറാവുകളും കുഞ്ഞുങ്ങളും പെടുന്നത്.

പന മുകളിലും തല പോയ മരങ്ങളിലും കുന്നിന്റെ മുകളിലും ഒക്കെയാണ് കാട്ടുതാറാവുകൾ മുട്ടയിടുന്നത്. എട്ടു മുതൽ 12 വരെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ട്. ധാന്യങ്ങളും പ്രാണികളും ആണ് പ്രധാന ആഹാരം. നന്നായി പറക്കാനും നീന്താനും ഇവയ്ക്ക് കഴിയും. വിവരമറിഞ്ഞ് വനപാലകർ എത്തിയപ്പോഴേക്കും പേടിച്ചരണ്ട തള്ള പക്ഷികൾ പറന്നകലുകയായിരുന്നു. അവശേഷിച്ച എട്ടു കുഞ്ഞുങ്ങളെയും പിടികൂടി സഞ്ചിയിലാക്കി. തള്ളപ്പക്ഷി കളുടെ സാമീപ്യം ഇല്ലാതെ ഇവയെ വളർത്താൻ കഴിയില്ല. അതിനാൽ സന്ധ്യസമയത്ത് കുഞ്ഞുങ്ങളെ വീണ്ടും ഇവിടെ എത്തിച്ച് തള്ള പക്ഷികൾ ക്കൊപ്പം വിടാനാണ് വനപാലകരുടെ തീരുമാനം.

പ്രളയശേഷം ആവാസവ്യവസ്ഥയിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് ആകാം വനപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്ന ഈ കാട്ടുതാറാവുകൾ നഗരത്തിൽ എത്തിയതെന്ന് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പക്ഷി ശാസ്ത്രജ്ഞൻ ഡോക്ടർ ആർ സുഗതൻ അഭിപ്രായപ്പെട്ടു.

Leave a Reply