കണ്ണുകളുള്ള മനസ്സുകളെ കനിയണമേ; കണ്ണുകളിലൂടെ രണ്ട് പെൺമക്കളെ പോറ്റുന്ന അമ്മയുടെ ജീവൻ നഷ്ടപ്പെടാതിരിക്കുവാൻ.


▪ ഷാനു പൗലോസ്.

കോതമംഗലം: ഒൻപതും, ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ എല്ലാമായ ബധിരയും മൂകയുമായ ഒരമ്മയുടെ ജീവൻ നഷ്ടപ്പെട്ട് പോകാതെ ആ കുരുന്നുകളുടെ താങ്ങായി ഈ അമ്മ ഇനിയും ഒപ്പമുണ്ടാകുവാൻ ആഗ്രഹിച്ചതുകൊണ്ടും, പണം അതിനൊരു തടസ്സമാകരുതെന്ന ചിന്തയിലുമാണ് ഈ സങ്കടം നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറ തവരക്കാട്ട് സതീഷിന്റെ ഭാര്യ ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണ്. ഇരു വൃക്കകളും തകരാറിലായ ഷെെനിയുടെ നില ഗുരുതര സ്ഥിതിയിലാണ്. ജീവൻ നഷ്ടമാകാതിരിക്കണമെങ്കിൽ വൃക്ക മാറ്റി വയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർമാർ വിധി എഴുതി കഴിഞ്ഞിരിക്കുന്നു. അനുയോജ്യമായ A-ve ഗ്രൂപ്പ് വൃക്കയും, 20 ലക്ഷം രൂപയും ലഭിച്ചാൽ മാത്രമേ ഇനിയതു സാധ്യമാകുകയുള്ളൂ.

ഷൈനിയുടെ ഭർത്താവ് സതീഷും ബധിരനും മൂകനുമാണ്. നിലവിൽ പുന്നേക്കാട് ഒരു ചെറിയ ഹോട്ടലിൽ ജോലിക്കാരനാണ് സതീഷ്. അവിടെ നിന്ന് ലഭിക്കുന്ന കുഞ്ഞു വരുമാനം കൊണ്ട് വേണം സതീഷും ഷൈനിയും രണ്ട് കുരുന്നുളുമടങ്ങുന്ന ഈ കുടുംബം ജീവിതത്തിന്റെ എല്ലാ സങ്കടങ്ങൾക്കൊപ്പം ജീവിക്കുവാൻ. ഈ സാധു കുടുംബത്തിന്റെ അമ്മ വിളക്ക് അണയാതിരിക്കാൻ നമുക്കൊന്നായി കൈകോർക്കാം. ഷൈനിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ ലാലു കൺവീനറായും, വാർഡ് മെമ്പർ വിജയമ്മ ഗോപി ചെയർമാനും, ബിനോയി ചാക്കോ കോഓർഡിനേറ്ററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു.

ഷൈനിയുടെ ചികിത്സക്കായി നല്ല മനസ്സുകളിൽ നിന്ന് ലഭിക്കുന്ന തുക സ്വരൂപിക്കുന്നതിനായി കുട്ടമ്പുഴ യൂണിയൻ ബാങ്ക് ശാഖയിൽ ഷൈനി ചികിത്സാ സഹായനിധിയെന്ന പേരിൽ 403802010016994 (IFSC: UBINO540382) എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സഹായം അത്രയേറെ ആവശ്യമുള്ള ഈ കുടുംബത്തിന് നിങ്ങളാൽ കഴിയുന്ന കരുതൽ നൽകിയാൽ ആ പിഞ്ച് കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ വാൽസല്യം നഷ്ടമാകില്ല. തീർച്ച.

Leave a Reply