തട്ടേക്കാടിന്റെ സ്വന്തം കാട്ടു പട്ടികൾ ; നാടൻ പട്ടികളോട് സാമ്യം തോന്നുന്ന രൂപം, സൂത്രശാലികളുടെ ജീവിതം അടുത്തറിയാം


കുട്ടമ്പുഴ : വനം വന്യജീവി സമ്പത്താൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന പക്ഷിമൃഗാദികൾ പലതും നമ്മുടെ തട്ടേക്കാട് വനമേഖലയിലെ സജീവ സാനിധ്യമാണ്. അതുപോലെ നമ്മൾ വീട്ടിൽ ഇണക്കി വളർത്തുന്ന നാടൻ പട്ടികളോട് സമാനതകളുള്ള കാട്ടുപട്ടികളും തട്ടേക്കാട് വനവേഖലയിൽ കാണപ്പെടുന്നു. കൂടാതെ പൂയംകുട്ടി വന മേഖലയിലും , മലയാറ്റൂർ വന മേഖലയിലും കാട്ടുപട്ടികൾ കണ്ടുവരുന്നു. കാട്ടുപട്ടി (WILD DOG ) സാധാരണ കാണപ്പെടുന്നത് ഉൾക്കാടുകളിലാണ്. സമൂഹ ജീവിയായ ഇവർ കൂട്ടമായാണ് വസിക്കുന്നത്. ഒരു കൂട്ടത്തിൽ ആറ് മുതൽ പതിനഞ്ച് വരെ അംഗങ്ങൾ കാണപ്പെടുന്നു. കൂട്ടത്തിലെ അംഗങ്ങളുടെ എണ്ണം പെരുകുമ്പോൾ ഇവർ തന്നെ മാതൃകൂട്ടത്തിൽ നിന്നും വേർപിരിഞ്ഞു പുതിയ കൂട്ടം രൂപീകരിക്കുന്നതും കാട്ടുപട്ടികളുടെ പ്രത്യേകതയാണ് . വാസസ്ഥലം തെരഞ്ഞെടുക്കുന്നതിലും , ഭക്ഷണ രീതിയിലും , ഇരപിടിക്കുന്നതിലുമെല്ലാം വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇവർ ജീവിക്കുന്നത്. കൂട്ടത്തിലെ തലവനായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക.

ഭക്ഷണത്തിനായി ഇരയെ കണ്ടെത്തിയാൽ പിന്നെ അതിനെ ഓടിച്ചു വെള്ളത്തിൽ ചാടിക്കുക എന്ന തന്ത്രമാണ് പലപ്പോളും കാട്ടുപട്ടികൾ ഉപയോഗിക്കുന്നത്. ഇത് കാട്ടുപട്ടികൾ ബുദ്ധിപൂർവ്വം ചെയ്യുന്ന വേട്ട രീതിയാണ്, തന്മൂലം കരുത്തനായ ഇരയെ എളുപ്പത്തിൽ കീഴ്‌പ്പെടുത്തുവാൻ സാധിക്കുന്നു. മരണഭയം മൂലം വെള്ളത്തിൽ നിന്നും കരകയറാൻ നോക്കുന്ന ഇരയുടെ മുഖത്തിൽ കാട്ടുപട്ടികൾ കൂട്ടമായി വന്ന് കടിക്കുകയും കണ്ണ് അടിച്ചു പൊട്ടിക്കുകയും ചെയ്‌താണ്‌ ഇരയെ കീഴ്‌പ്പെടുത്തുന്നത്. ഇരയെ പിടിക്കുവാൻ നേത്രത്വം നൽകിയ കാട്ടുപട്ടി ആദ്യം ഇരയെ ഭക്ഷിക്കുകയും അതിന് ശേഷം മറ്റുള്ളവർ ഭക്ഷണമാക്കുന്നതുമാണ് കണ്ടുവരുന്നത്. അതേസമയം ആ നേതാവ് അൽപ്പം ഉയരമുള്ള സ്ഥലത്തിരുന്ന് പരിസരം നിരീക്ഷിക്കുകയും ചെയ്യും. പ്രായപൂർത്തിയായ ഒരു കാട്ടുപട്ടി ഒരു ദിവസം ഏകദെശം അഞ്ചു കിലോയോളം മാംസ്യം ഭക്ഷിക്കും.

കാഴ്ച്ചയിലുള്ള രൂപസാദർശ്യത്തിനപ്പുറം കാട്ടുപട്ടികൾക്ക് നാടൻ പട്ടികളുമായി യാതൊരു ബന്ധവും ഇല്ലാ എന്നതാണ് വസ്‌തുത. രണ്ട് ജീവികളും വ്യത്യസ്ത ജെനുസ്സിൽ പെടുന്നതാണെന്ന് തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിലെ പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടർ ആർ സുഗതൻ വെളിപ്പെടുത്തുന്നു. അവരുടെ ആവാസവ്യവസ്ഥ വിട്ട് നാട്ടിൻപുറങ്ങളിലേക്ക് വരുവാനോ മനുഷ്യനുമായി ഇണങ്ങുവാനോ യാതൊരു സാധ്യതും ഇല്ലാത്ത ജീവികൂടിയാണ് കാട്ടുപട്ടി എന്ന് ഡോക്ടർ ആർ സുഗതൻ പറഞ്ഞു.

മുഖത്ത് മുറുവുകളോ കണ്ണില്ലാത്ത അവസ്ഥയിലോ വന്യജീവികൾ കാട്ടിൽ ചത്തുകിടക്കുന്ന അവസ്ഥയിലാണെങ്കിൽ അത് കാട്ടുപട്ടികളുടെ ആക്രമണത്തിന് ഇരയായ ജീവിയാവാനാണ് സാധ്യതയെന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഉദ്യോഗസ്ഥനായ ഷിബു ദാസ് വെളിപ്പെടുത്തുന്നു. കാട്ടുപട്ടികളുടെ വിസർജ്ജത്തിന് അസഹനീയമായ ദുർഗന്ധമാണെന്നും അങ്ങനെ അവയുടെ സാന്നിധ്യം കാടുകളിൽ അറിയുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാൻ , മ്ലാവ് , കാട്ടുപന്നി തുടങ്ങിയ മൃഗങ്ങനെയാണ് സാധാരണയായി കാട്ടുപട്ടി ഭക്ഷണത്തിനായി വേട്ടയാടാറ്. ഇവരുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ശരീരത്തിലെ മാംസ്യം കടിച്ചു പറിച്ചു തൂങ്ങി കിടക്കുന്ന രീതിയിലുള്ള മൃഗങ്ങളെ കാട്ടിൽ കാണുവാൻ സാധിക്കുന്നത് മനസ്സിനെ വേദനിപ്പിക്കാറുണ്ടെന്ന് തട്ടേക്കാടിലെ ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് ഗൈഡ് കൂടിയായ റെജീവ് വെളിപ്പെടുത്തുന്നു.

Leave a Reply