കുട്ടമ്പുഴ കല്ലേലിമേട് വൈദ്യുതീകരണം കെ എസ് ഈ ബിയുടെ ഉറപ്പ്, കാണിക്കാരൻ നിരാഹാരം മാറ്റിവച്ചു.


കുട്ടമ്പുഴ : കല്ലേലിമേട് വൈദ്യുതീകരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ഇബി രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരം കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ പിൻവലിച്ചു. ശ്രീ ജോയ്സ് ജോർജ് എംപിയുടെയും ആൻറണി ജോൺ എംഎൽഎയും നിർദ്ദേശപ്രകാരം വൈദ്യുത വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെടലുണ്ടാവുകയായിരുന്നു. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് ആദിവാസികളുമായി ചർച്ച നടത്തി. അഞ്ച് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ അണ്ടർഗ്രൗണ്ട് കേബിൾ വഴി വൈദ്യുതി എത്തിക്കാനാണ് തീരുമാനം. ഇതിനായി ഈയാഴ്ചതന്നെ വനംവകുപ്പിന് അപേക്ഷ നൽകും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ തുക കണ്ടെത്തും. താമസിയാതെ വർക്കുകൾ ആരംഭിക്കുമെന്ന് കെഎസ്ഇബി പ്രതിനിധികൾ അറിയിച്ചു. ഇന്നലെ കല്ലേലിമേട് കുഞ്ചിപാറയിൽ ചേർന്ന യോഗത്തിൽ വച്ചാണ് കാണിക്കാരൻ അല്ലി കൊച്ചഅലങ്കാരന് ഉറപ്പുനൽകിയത്. ഫാദർ റോബിൻ പടിഞ്ഞാറേക്കുറ്റ്, വാർഡ് മെമ്പർമാരായ കാന്തി വെള്ളക്കയ്യൻ ഫ്രാൻസിസ് ആൻറണി ജബ്ബാർ ജനസംരക്ഷണ സമിതി പ്രവർത്തകരായ സിബി മറ്റത്തിൽ ജോർജുകുട്ടി കൂനത്താൻ നടരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വനത്തിലൂടെ അണ്ടർഗ്രൗണ്ട് കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിന് വനംവകുപ്പിന്  എതിർക്കാൻ ആകില്ലെന്നും, ഇടുക്കി ജില്ലയിൽ പല സ്ഥലങ്ങളിലും ഇങ്ങനെ വൈദ്യുതി എത്തിയിട്ടുണ്ടെന്നും ജോയ്സ് ജോർജ് എംപി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply