കുട്ടമ്പുഴ :കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പൂയംകുട്ടി -വെള്ളാരംകുത്തു ചപ്പാത്തും, ബ്ലാവന കടത്തും ആ പ്രദേശത്തെ കൂട്ടായ്മ അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കോരിച്ചൊരിയുന്ന മഴ മൂലം പുഴയിലെ വെള്ളം വളരെ അധികം ഉയർന്നു ചപ്പാത്ത് മൂടി പോവുകയും പൂയം കുട്ടിയിൽ നിന്ന് വെള്ളാരം കുത്തിലേക്കും മണികണ്ഠൻ ചാലിലേക്കും ഉള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെടുകയും പുഴയുടെ അക്കരെ ഉള്ളവർ ഇക്കരയുമായി ഒറ്റപ്പെടുന്ന അവസ്ഥ നേരിൽ കാണുകയും ഉണ്ടായി. തുടർന്ന് ബ്ലാവനകടത്തിൽ എത്തിയപ്പോൾ അവിടത്തെ അവസ്ഥ അതിലും ഭീകരം ആയിരുന്നു. ഇക്കരെ നിന്നും വാഹനങ്ങൾ മറുകരയിലേക്ക് കടത്തികൊണ്ടിരുന്ന കടത്തുവള്ളം പുഴയിലെ കുത്തൊഴുക്കു കാരണം നിർത്തിവയ്ക്കുകയും അവിടെ അതി സാഹസികമായി പുഴക്ക് കുറുകെ വടം കെട്ടി അതിലുടെ കുത്തൊഴുക്കു കുറയുന്ന മുറക്ക് വള്ളത്തിൽ ആളുകളെ മറുകരയിൽ എത്തിക്കേണ്ട അവസ്ഥ ആണ്. നമ്മുടെ നാട്ടിൽ ഏറ്റവും പ്രത്യേക പരിഗണന അർഹിക്കുന്ന ആയിരക്കണക്കിന് ആദിവാസി സഹോദരങ്ങൾ ഉൾപ്പെടെ വസിക്കുന്ന നിരവധി കുടികൾ ആണ് പുറം ലോകവുമായി ഒറ്റപെട്ടു ദുരിതം അനുഭവിച്ചു കഴിയുന്നത്. ഒരു അത്യാവശ്യ ആശുപത്രി കാര്യങ്ങൾ ഉൾപ്പെടെ വന്നാൽ ചികിത്സ പോലും ലഭ്യമാക്കാതെ മരണപ്പെടുവാൻ ആണ് ഈ പാവങ്ങളുടെ ദുർഗതീ.
മേല്പറഞ്ഞ രണ്ട് ഇടങ്ങളിലും പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടായിട്ടും, പല പ്രളയങ്ങൾ വന്നിട്ടും ദിവസങ്ങളോളം അവിടത്തെ പാവപെട്ട മനുഷ്യർ ഇക്കരക്ക് കടക്കാൻ പറ്റാതെ ഒറ്റപെട്ടു കഴിഞ്ഞിട്ടും, വർഷങ്ങൾ ഇത്രയും കടന്നു പോയിട്ടും ബന്ധപ്പെട്ട അധികാരികളുടെ കണ്ണുകൾ തുറക്കാത്തത് ഈ ജനങ്ങളോടുള്ള നീതി നിഷേധം ആണ്. ഇനിയും ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്ത പക്ഷം കോതമംഗലം ജനകീയ കൂട്ടായ്മ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് ഉള്ള ഒരു മുന്നറിയിപ്പ് കൂടി ആണെന്ന് ഓർമപ്പെടുത്തുന്നതായി കോതമംഗലം ജനകീയ കൂട്ടായ്മക്ക് വേണ്ടി ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ പറഞ്ഞു.