കുട്ടി കർഷകർ മട്ടുപ്പാവിൽ വിളയിച്ചത് നൂറുമേനി


കോട്ടപ്പടി : സ്കൂൾ മട്ടുപ്പാവിൽ നൂറുമേനി വിളയിച്ചു കോട്ടപ്പടി സെൻറ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടി കർഷകർ. കോട്ടപ്പടി കൃഷിഭവന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കുട്ടികളുടെ മേൽനോട്ടത്തിൽ നട്ടുവളർത്തിയ ജൈവ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് കൃഷിഓഫീസർ ശ്രീമതി സഫീറ സി എൻ നിർവഹിച്ചു.

കുട്ടികളുടെ കൃഷിയോടുള്ള താല്പര്യത്തെ ഓഫീസർ പ്രോത്സാഹിപ്പികുകയും അവരുടെ അധ്വാനത്തെ അകമഴിഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. സ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ 150 ഓളം ഗ്രോ ബാഗുകളിൽ ആയാണ് വിവിധ പച്ചക്കറികൾ കൃഷി ചെയ്തത്. വെണ്ട, പയർ, പടവലം, പാവയ്ക്ക, തക്കാളി, വഴുതന, മുളക്, ചീര തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് നേതൃത്വം നലകിയ അധ്യാപകരെയും, ചിട്ടയായ ക്രമീകരണത്തിലൂടെ നല്ല രീതിയിൽ പച്ചക്കറി തോട്ടം നോക്കി പരിപാലിച്ച കുട്ടികളെയും സ്കൂൾ മാനേജർ ശ്രീ. എൽദോസ് കെ പോൾ, പ്രിൻസിപ്പൽ ശ്രിമതി ജൈന പോൾ എന്നിവർ അനുമോദിച്ചു.

Leave a Reply