ആനക്കാട്ടിലൂടെ കിലോമീറ്ററോളം ദൂരം നടന്ന് വാർത്തക്കായി ജീവൻ പണയം വെച്ച് നടത്തുന്ന പത്രപ്രവർത്തനം; കുട്ടമ്പുഴ വനത്തിനുള്ളിലെ കാഴ്ച്ച.


കോതമംഗലം: കഴിഞ്ഞ ദിവസം പിണവൂർകുടി വനത്തിനുള്ളിൽ കാട്ടാനയുടെ അഴുകിയ നിലയിലുള്ള ജഡം വനം വകുപ്പ് കണ്ടെത്തുകയായിരുന്നു. വാർത്ത പകർത്തുന്നതിനായി കോതമംഗലത്തുള്ള പത്രപ്രവർത്തകരായ നിസ്സാർ അലിയാരും , ടാൽസൺ മാത്യുവും കൂടി  ഘോര വനത്തിനുള്ളിലേക്ക് പോയത്. വാർത്തക്കായി പത്രപ്രവർത്തകർക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളും , ബുദ്ധിമുട്ടുകലും പലപ്പോളും പുറം ലോകം അറിയാറില്ല. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ഉരുളൻ തണ്ണി സ്റേറഷൻ പരിധിയിൽ പിണവൂർ കുടി വെളിയത്തുപറമ്പ് ആനന്ദൻ കുടി ഉൾവനമേഖലയിലാണ്   കൊമ്പനാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നേര്യമംഗലം റേഞ്ച് ഓഫീസർ അരുൺ കെ നായരുടെ നേതൃത്വത്തിൽ ഉരുളൻ തണ്ണിഫോസ്റ്റ് സ്റേറഷനിലെ വനപാലകരും ,  ഇഞ്ചത്തൊട്ടി ഫോറെസ്റ് റേഞ്ച് ഓഫീസർ വിക്രം ദാസിന്റെയും, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. കെ. ജെ. കിഷോറിന്റെ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി സംസ്ക്കരിക്കുകയായിരുന്നു.

കുട്ടമ്പുഴ പഞ്ചായത്തിലെ ആനന്ദംകുടി എന്ന സ്ഥലത്തു എത്തുവാനായി പിണവൂർകുടിയിൽ വാഹനം പാർക്ക് ചെയ്‌തശേഷം രണ്ട് കിലോമീറ്ററിൽ കൂടുതൽ ദൂരം കൊടും കാട്ടിനുള്ളിലൂടെ നടന്ന് വേണം വാർത്ത പകർത്തുവാനായി. കാട്ടാനകൾക്ക് പുറമേ പുലികളും , കടുവ , കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലൂടെ ജീവൻ പണയം വെച്ചാണ് നിസാറും , ടാൽസണും സംഭവം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. ഇവർക്ക് വഴികാണിച്ചു കൊടുക്കുവാനായി നാട്ടുകാരനായ സജീവൻ ചേട്ടനും ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ കാട്ടിൽ കയറിയാൽ ദിക്കും ദിശയും മനസ്സിലാകാതെ വരുകയും, പണ്ട് പഴമക്കാർ പറയുന്നതുപോലെ കണ്ണ് കെട്ടിയ അവസ്ഥവരുകയും ചെയ്യും എന്നതിനാലാണ് നാട്ടുകാരനായ ആളെ കൂടെ കൂട്ടിയത്.

ആനകളുടെ ഇഷ്ട ഭക്ഷണമായ ഇല്ലികളും , മുളകളും നിറഞ്ഞ ആനത്താരയിലൂടെയാണ് ഇവർ ചങ്കിടിപ്പോടെ സഞ്ചരിച്ചത്. ഘോര വനത്തിൽ ഇപ്പോൾവേണമെങ്കിലും വന്യജീവികളുടെ ആക്രമണം ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുകയില്ല. ലോകത്തിലെതന്നെ ഏറ്റവും കൂടിയ മാരക വിഷവുമായി സഞ്ചരിക്കുന്ന നാഗരാജാക്കളായ രാജവെമ്പാലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വന പ്രദേശം കൂടിയാണ് കുട്ടമ്പുഴ വന മേഖല. കൊടും കാട്ടിനുള്ളിൽ നടന്ന സംഭവം നമ്മൾ വീട്ടിലെ മിനി സ്‌ക്രീനിൽ കാണുമ്പോൾ അതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ പലപ്പോളും ഓർക്കാറില്ല.

നോമ്പ് നോക്കുന്ന നിസ്സാർ അലിയാർ, മണിക്കൂറുകൾ നടന്ന് സംഘടിപ്പിക്കുന്ന വാർത്ത ചിലപ്പോൾ ചാനലുകളിൽ വരാതാകുമ്പോൾ ഉണ്ടാകുന്ന ദുഃഖവും പങ്കുവെക്കുന്നു. കുട്ടമ്പുഴയും അതിനോട് ചേർന്നുള്ള ആദിവാസി മേഖലകളും കൈവെള്ളയിൽ എന്നപോലെ സുപരിചിതമായ ടാൽസൻ ഏതൊരു പ്രതിസന്ധിയെയും തൃണവൽക്കരിച്ചുകൊണ്ട് സധൈര്യം മുന്നോട്ട് പോകുന്ന കാഴ്ച്ച, ഒരു മാധ്യമപ്രവർത്തകന്റെ ആത്മവിശ്വാസമാണ് വ്യക്തമാക്കുന്നത്. കാട്ടിനുള്ളിൽ കയറിയാൽ അട്ട കടി ഏൽക്കാതെ പുറത്തിറങ്ങൽ അസാധ്യമാണ്. നിസാറിന്റെ കാലിൽ അട്ട കടിയേറ്റ് കാൽ നീര് വെച്ചിട്ടും അതൊന്നും കാര്യമാക്കാതെ പ്രവർത്തനമേഖലയിലെ ഊർജ്ജവും ആവേശവും കരുത്താക്കി മുന്നോട്ട് നീങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള കോതമംഗലത്തെ പത്രപ്രവർത്തകരാണ് വനത്തിനുള്ളിലെ കാഴ്ചകളെ നമ്മുടെ കണ്മുന്നിൽ എത്തിക്കുന്നത്.

Leave a Reply