ആന വണ്ടിയല്ല, ഞങ്ങൾക്കിത് സ്നേഹവണ്ടി ; ആനവണ്ടി പ്രേമികളുടെ ഹീറോയായി കോതമംഗലം സ്വദേശിനി, കൂടാതെ പി.വി അൻവർ എം എൽ എയുടെ പ്രശംസയും.


കോതമംഗലം : കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോ കൂട്ടായ്മയുടെ നേതൃത്വത്തിൽ ” പ്രളയം  നിലമ്പൂരിനൊരു കൈത്താങ്ങായ് ” എന്ന വിഭവ ശേഖരണ യജ്ഞത്തിൽ താരമായി മാറിയിരിക്കുകയാണ് , കോതമംഗലം മാതിരപ്പിള്ളി സ്വദേശിനിയും പോലീസിൽ നിന്ന് വിരമിച്ച കളപ്പുരക്കൽ രാജുവിന്റെ മകളുമായ ജെസ്സിൻ.

കഴിഞ്ഞ ജൂണിൽ കോതമംഗലം – ചാലക്കുടി ചെയിൻ സർവീസ് തുടങ്ങിയപ്പോൾ ജെസ്സിന്റെ ആവേശം പലരിലും അത്ഭുതം ഉളവാക്കിയിരുന്നു. വണ്ടിയുടെ സ്റ്റിക്കർ ഒട്ടിക്കുവാനും, ബോർഡ് എഴുതുവാനും, വണ്ടി അലങ്കരിക്കുവാനും പകലന്തിയോളം കോതമംഗലം ഡിപ്പോയിൽ സജീവമാകുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലേക്ക് വിഭവങ്ങൾ ശേഖരിക്കുവാൻ ഡിപ്പോയിൽ സജീവമായതോടുകൂടിയാണ് ജെസ്സിന്റെ പ്രവർത്തനം പുറം ലോകം അറിയുന്നത്. കോതമംഗലത്തെ ഡിപ്പോ ജീവനക്കാരും കെ.എസ്.ആർ.ടി.സി. ഫാൻസ് അസോസിയേഷനും സംയുക്തമായി ശേഖരിച്ച അവശ്യസാധനശേഖരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുവാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്‌തു.

ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള ആദ്യ ലോഡ് കഴിഞ്ഞ ദിവസം കോതമംഗലം ഡിപ്പോയിൽ നിന്നും പുറപ്പെടുകയും നിലമ്പൂരിൽ എം .എൽ .എ. പി.വി അൻവറിന്റെ ഓഫീസിൽ സാധനങ്ങൾ ഉച്ചയോടെ നൽകുകയും ചെയ്തു. കോതമംഗലം ഡിപ്പോയിലെ ജീവനക്കാരായ എൽദോസ് പൈലി, സി.എ.സിദ്ധിക്, അരുൺ , സ്റ്റേഷൻ മാസ്റ്റർ രാജീവ് കോതമംഗലം KSRTC ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ജെസിന്റേയും അഭിജിത്തിന്റേയും മറ്റു കോതമംഗലം നിവാസികളുടെയും നേതൃത്വത്തിൽ ശേഖരിച്ച ആവശ്യ വസ്തുക്കളുമായുള്ള ആദ്യ ലോഡ് സാധനങ്ങളാണ് കൈമാറിയത്.

ജെസ്സിൻ ചെറുപ്പത്തിൽ അമ്മയും വില്ലമ്മിച്ചിയും ആനവണ്ടിയെക്കുറിച്ചു പറയുന്നത് കേട്ടിട്ടാണ് ബസിനെകുറിച്ച് ആദ്യമായി മനസ്സിലാക്കുന്നത്. പാലമറ്റത്തേക്ക് പഴയ മോഡൽ കെ എസ് ആർ ടി സിൽ പോകുന്നത് ഇപ്പോളും ജെസ്സിന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. പഠന സമയത്തും ജോലിക്ക് പോകുമ്പോളും കൂടുതലും ആനവണ്ടിയേയാണ് ജെസ്സിൻ തിരഞ്ഞെടുത്തിരുന്നത്. എറണാകുളത്തു ടാറ്റ എ ഐ ജിയിലാണ് ജെസ്സിൻ ജോലി ചെയ്യുന്നത്. ആനവണ്ടി പ്രേമം കടുത്തപ്പോൾ വിവാഹം കഴിക്കുന്നതും ഒരു ആനവണ്ടി പ്രേമിയെ ആകണം എന്ന താൽപ്പര്യത്തിന് വീട്ടുകാരും സമ്മതം മൂളുകയായിരുന്നു.

അങ്ങനെ ആലുവ കെ എസ് ആർ ടി സിയുടെ റീജിണൽ വോക്ക്ഷോപ്പിലെ മെക്കാനിക്ക് ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു. ഭർത്താവിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ മനസ്സിൽ അടക്കിവെച്ചിരുന്ന ആനവണ്ടി പ്രേമം അണപൊട്ടുകയും പരസ്യമായി ഞാൻ കട്ട ആനവണ്ടി ആരാധികയാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു. ഭർത്താവ് മനോഷിന്റെ പിന്തുണകൂടി വന്നപ്പോൾ ജെസ്സിൻ കേരളത്തിലെ തന്നെ കട്ട ആന വണ്ടി ഫാൻ ആളുകളുടെ ഇടയിൽ സ്ഥാനം പിടിച്ചു. നാല് വയസ്സുള്ള മകളെയും കൊണ്ട് പലപ്പോളും കോതമംഗലം ഡിപ്പോയിൽ വരുന്നതും പതിവാണ്.

കോതമംഗലം ഡിപ്പോയിലെ സജീവ സാനിധ്യമായ ആനവണ്ടി പ്രേമികളായ  അഭിജിത്തും,  അരുൺ,  ഫെബിൻ , ബേസിലും ഡിപ്പോ സ്റ്റാഫുകളായ അനിൽ കുമാർ വടാശ്ശേരിയും, സിദ്ധിഖ്  കൂടിയായപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ കോതമംഗലം ഡിപ്പോ കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. കോതമംഗലത്തുനിന്നും നിലബൂർ വണ്ടിയിൽ കയറ്റി അയച്ച സാധനങ്ങൾ അവിടെ സ്വീകരിച്ച ശേഷം, അത്‌ പി വി അൻവർ എം എൽ എ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു പോസ്റ്റ് ഇട്ടതോടുകൂടി കോതമംഗലം ഡിപ്പോക്ക്  അത് വലിയൊരു അംഗീകാരം ആകുകയും ചെയ്‌തു. അങ്ങനെ ആന വണ്ടി ആരാധകർക്കിടയിൽ താരമായിരിക്കുകയാണ് കോതമംഗലം സ്വദേശിനി ജെസിനും ഒപ്പം കോതമംഗലം ഡിപ്പോയും.

Leave a Reply