തെങ്ങ് വളച്ചു കരിക്ക് പറിച്ചു വാഴ്ത്തി സ്ത്രീയ്ക്കു കൊടുത്തു സുഖപ്രസവം സാധ്യമാക്കി; അത്ഭുതപ്രവർത്തനായ പരി.ബസേലിയോസ് യൽദോ ബാവായുടെ ജീവ ചരിത്രത്തിലൂടെ…


ഫാ: ബേസിൽ ജോസഫ് ഇട്ടിയാണിക്കൽ.

കോതമംഗലം മാർത്തോമൻ ചെറിയ പളളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ 334 – മത് ഓർമ പെരുന്നാളാണ്  സെപ്‌തംബര്‍ 25 മുതൽ ഒക്ടോബർ 4 വരെ ആഘോഷിക്കുന്നത്. പരി. ബസേലിയോസ് യൽദോ ബാവായുടെ ജനനം മൂസലിന് (ഇറാഖ് ) സമീപമുള്ള കൂദൈദ് ഗ്രാമത്തിലെ ഹ്ദായ് കുടുംബത്തിൽ ആയിരുന്നു. ബാല്യം മുതൽ ദൈവഭക്തിയിൽ വളർന്നു വന്ന അദ്ദേഹം ചെറുപ്പത്തിൽത്തന്നെ റമ്പാനായി. തുടർന്ന് പരി. പാത്രിയാർക്കീസ് ബാവ തിരുമനസ്സുകൊണ്ട് അദ്ദേഹത്തെ മെത്രാപ്പോലീത്തയായി വാഴിക്കുകയും ചെയ്തു. പരിശുദ്ധാത്മ നടത്തിപ്പും ഭരണനൈപുണ്യവും മൂലം അദ്ദേഹത്തെ കിഴക്കിന്റെ മഫ്രിയാനയായി (60-ാം) ഉയർത്തുകയും ചെയ്തു. മപ്രിയാന തന്റെ ആസ്ഥാനമായി മൂസലിനടുത്തുള്ള മോർ മത്തായിയുടെ ദയറാ തിരഞ്ഞെടുത്തു.

മോർ ബസേലിയോസ് യൽദോ ബാവായുടെ ഭരണകാലം AD 1678 മുതൽ 1685 വരെയായിരുന്നു.1683ൽ മാർ തോമ രണ്ടാമൻ പരി. അബ്ദേദ് മശിഹാ പ്രഥമൻ തിരുമനസിലേക്ക് യൗസേഫ് എന്ന ഒരു കച്ചവടക്കാരൻ വശം ഒരു അപേക്ഷ കൊടുത്തയച്ചു. അതിൽ പരി. ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവ പറങ്കി വേദത്തിൽ നിന്നും മലങ്കര സഭയെ വിടുവിക്കുവാനായി ചെയ്ത പരിശ്രമങ്ങളെക്കുറിച്ച് വിവരിക്കുകയും മലങ്കര സഭ ആ പിതാവിന്റെ കാലശേഷം അനുഭവിക്കുന്നു ക്രൂരമായ പീഡനങ്ങളേക്കുറിച്ച് വ്യസന പൂർവ്വം വിവരിക്കുകയും ചെയ്തു. തുടർന്ന് മലങ്കര സഭയുടെ രക്ഷയ്ക്കായി ഒരു മെത്രാപ്പോലീത്തായേയും മല്പാന്മാരേയും അയച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു.1684-ൽ മർദ്ദീൻ വലിയ പള്ളിയിൽ വച്ച് നടന്ന വി.മൂറോൻ കൂദാശയിൽ മലങ്കര സഭയുടെ ദൈന്യതയെക്കുറിച്ച് പരി. പാത്രിയാർക്കീസ് ബാവ ഹൃദയസ്പൃക്കായി പ്രസംഗിച്ചു. ഇതു കേട്ട കിഴക്കിന്റെ മപ്രിയാന മോർ ബസേലിയോസ് യൽദോ ബാവ മലങ്കങ്കര മക്കളുടെ സത്യവിശ്വാസ സംരക്ഷണാർത്ഥം മലങ്കരയിലേക്ക് പോകുവാൻ താൻ തയ്യാറാണെന്ന് പരി. പിതാവിനെ അറിയിച്ചു. അങ്ങിനെ പരി. പിതാവിന്റെ അനുഗ്രഹാശ്ശിസുകളോടെ 90 വയസ് പ്രായമുള്ള മോർ ബസേലിയോസ് യൽദോ ബാവായും മോർ ഈവാനിയോസ് ഹിദായത്തുള്ള എപ്പിസ്ക്കോപ്പായും ആറ് അനുചരന്മാരോടുകൂടെ ( നാല് എന്ന് പറയുന്നുണ്ട് ) മലങ്കരയിലേക്ക് യാത്ര തിരിച്ചു.

kothamangalam cheriya palli

പായ്ക്കപ്പലിൽ ബസ്ര വഴി യാത്ര തിരിച്ച അവർ അനേകം പ്രതിസന്ധികൾ തരണം ചെയ്ത് മാസങ്ങൾക്ക് ശേഷം തലശ്ശേരിയിൽ കപ്പലിറങ്ങി.പരി. ബസേലിയോസ് ബാവായുടെ തൃപ്പാദസ്പർശനത്താൽ മലങ്കര മണ്ണ് പുളകിതഗാത്രയായി.മലങ്കര സഭ പറങ്കികളുടെ കീഴിലാണെന്ന് ഭയന്ന പരി. ബാവായും കൂട്ടാളികളും വേഷപ്രച്ഛന്നരായി കിഴക്കോട്ട് കാൽനടയായി നടന്ന് കൊടിയ ദുരിതങ്ങൾ സഹിച്ച് പാണ്ടി നാട്ടിൽ കടന്ന് ഡിണ്ടികൽ മൂന്നാൽ വഴി പള്ളിവാസലിലെത്തി അവിടെ കല്ലുകൾ പെറുക്കി വച്ച് ബലിപീഠം പണിത് വി.ബലിയർപ്പിച്ചു. തുടർന്നു വീണ്ടും വനാന്തരങ്ങളിലൂടെ അടുത്തടുത്തു വരുന്ന മരണത്തെ പ്രതീക്ഷിച്ചു കൊണ്ട് കൂടെ വന്നിരുന്ന തന്റെ സഹോദരനെ പോലും വന്യമൃഗങ്ങൾ കടിച്ചുകീറി കൊന്നപ്പോളും തെല്ലും നിരാശനാകാതെ തന്റെ ജീവനെ ദൈവത്തിങ്കൽ ഭരമേല്പ്പിച്ചു കൊണ്ട് മുന്നോട്ട് സ്തോത്രഗീതങ്ങൾ പാടിക്കൊണ്ട് യാത്ര തുടർന്നു. അങ്ങനെ ദിവസങ്ങൾ നീണ്ട കാനന യാത്രയ്ക്കൊടുവിൽ ഹിംസ്ര ജന്തുക്കൾ ഭക്ഷിച്ച് ബാക്കിയായ പരി.ബാവായും ഹിദായത്തുള്ള എപ്പിസ്കോപ്പയും കോതമംഗലത്തിന് സമീപം എത്തിച്ചേർന്നു.

എപ്പിസ്കോപ്പയെ ഒരു മരത്തിൽ കയറ്റി സുരക്ഷിതനാക്കി ഇരുത്തിയ ശേഷം ബാവ തിരുമേനി വീണ്ടും മുന്നോട്ട് യാത്രയായി. അങ്ങനെ കോഴിപ്പിളളി എന്ന സ്ഥലത്തെത്തി. അവിടെ വച്ച് ആ വനത്തിൽ കാലികളെ മേയ്ക്കുന്ന ഒരു ഹൈന്ദവ സഹോദരനെ കണ്ടെത്തി. ആംഗ്യ ഭാഷയിൽ അടുത്ത് പള്ളിയുണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ ഇവിടെ അടുത്ത് ഒരു പള്ളിയുണ്ട് എന്ന് വഴി കാണിക്കാൻ വന്നാൽ തന്റെ കാലികളെ കടുവ പിടിക്കുമെന്നും അല്ലെങ്കിൽ വരുവാൻ സന്തോഷമായിരുന്നു എന്നും ആ യുവാവ് ആംഗ്യ ഭാഷയിൽ മറുപടി പറഞ്ഞു.

kothamangalam cheriya palli

ബാബേലിൽ ഭാഷകലക്കി കളഞ്ഞ കർത്താവ് ഈ ആംഗ്യ ഭാഷയെ മനസ്സിലാക്കിക്കൊടുത്തു. പരി. ബാവ തന്റെ സ്ലീബാ കയ്യിലെടുത്ത് നിലത്ത് ഒരു കളം വരച്ചു. കാലികളെ അതിനുള്ളിയിൽ കയറ്റി നിർത്തുവാൻ കല്പിക്കുകയും ചെയ്തു .ആ യുവാവ് അങ്ങനെ ചെയ്തു. ഈ സ്ഥലമാണ് ചക്കാലക്കുടി എന്നറിയപ്പെടുന്നത്. ഈ അത്ഭുതം കണ്ട നായർ യുവാവ് തന്റെ സഹോദരി പ്രസവ തടസം മൂലം പ്രയാസപ്പെടുന്ന വിവരം പരി. ബാവയെ അറിയിച്ചു. ബാവാ തിരുമേനി ഉടനെ സമീപത്തു നിൽക്കുന്ന തെങ്ങിലേക്ക് തന്റെ കൈകൾ ഉയർത്തി നീട്ടി. ഉടൻ തെങ്ങ് ചാഞ്ഞ് വളഞ്ഞ് നിന്നു പരി.ബാവ അതിൽ നിന്നു രണ്ടു കരിക്ക് പറിച്ചെടുത്തു വെട്ടി കൊണ്ടുവരുവാൻ കല്പിച്ചു. ഒരെണ്ണത്താൽ ദാഹശമനം വരുത്തിയ പരി. ബാവ അടുത്തത് വാഴ്ത്തി യുവാവിന് നല്കി അത് സഹോദരിക്കു നൽകാനായി കല്പിച്ചു. ആ കരിക്ക് കുടിച്ച ഉടനെ ആ സ്ത്രീയ്ക്കു സുഖപ്രസവം സാധ്യമായി. സന്തോഷവാനായ യുവാവും കുടുംബവും പരി. ബാവായെ ആചാരപൂർവ്വം പള്ളിയിലേക്ക് ആനയിച്ചു.

1685 കന്നിമാസം 7-ാം തീയതി പരി. ബാവ കോതമംഗലം ചെറിയപള്ളിയിൽ തൃക്കാൽ ചവിട്ടി പ്രവേശിച്ചു. പരി. ബാവായെ ചെറിയ പള്ളിയിലേക്ക് ആനയിച്ചതിന്റെ ഓർമ്മയ്ക്കായി ആ യുവാവിന്റെ പിൻമുറക്കാർ ഇന്നും കോൽ വിളക്കുമേന്തി കന്നി 20 പെരുന്നാൾ പ്രദക്ഷിണത്തിന് അകമ്പടി സേവിക്കുന്നു.പള്ളിയിലെത്തിയ പരി.ബാവായുടെ നിർദ്ദേശ പ്രകാരം ഹിദായത്തുള്ള എപ്പിസ്ക്കോപ്പായും പള്ളിയിലേക്ക് ആനയിക്കപ്പെട്ടു. യാത്രാ ക്ഷീണം കൊണ്ടും വാർദ്ധക്യം കൊണ്ടും പരിക്ഷീണനായ പരി.ബാവ തന്റെ അവസാന സമയം അടുക്കാറായി എന്ന് മനസ്സിലാക്കി കന്നിമാസം 14 ന് ഹിദായത്തുള്ള എപ്പിസ്കോപ്പായെ മോർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി ഉയർത്തി. “മകനെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല… മകൻ വേണ്ടതു ചെയ്യണം… പറങ്കിവേദത്തിൽ നിന്നും സഭയെ രക്ഷിക്കണം… അന്ത്യോഖ്യായുടെ ജനമാക്കിത്തീർക്കണം… ഇതും മകൻ ചെയ്യുന്ന സകലതും അന്ത്യോഖ്യായിലെ പരി. ബാവായെ അറിയിക്കണം” എന്ന് കല്പിച്ചു അധികാരപത്രം (സുസ്താത്തിക്കോൻ) നല്കി.അതീവ ക്ഷീണിതനായ പരി.പിതാവിനെ ഒരു നോക്കു കാണുവാനായി നാനാ ദേശത്തു നിന്നും ജനസഹസ്രങ്ങൾ കോതമംഗലത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. തന്റെ മരണ സമയത്ത് പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിൽ ഒരു ദിവ്യപ്രകാശം കാണുമെന്ന് പരി. ബാവ കല്പിച്ചു. നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ വിറയാർന്ന ചുണ്ടുകളാൽ സ്തോത്ര ഗീതങ്ങൾ ആലപിക്കുന്ന തന്റെ ആടുകളെ വിട്ട് 1685 കന്നി 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പരി.ബാവ തനിക്കായി ഒരുക്കിയിരിക്കുന്ന നീതിയുടെ കിരീടം പ്രാപിക്കുന്നതിനായി ഇഹലോകവാസം വെടിഞ്ഞു.

പിറ്റേ ദിവസം കന്നി 20 ന് ചെറിയപള്ളിയുടെ മഹാപരിശുദ്ധ സ്ഥലത്ത് തെക്ക് ഭാഗത്തായി പരി. പിതാവിന്റെ തിരു ഗാത്രം ഖബറടക്കപ്പെട്ടു.അന്ത്യോഖ്യ മലങ്ക ബന്ധത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി ആലംബഹീനർക്ക് അത്താണിയാണി മനം തകർന്നിരിക്കുന്നവർക്ക് ആശ്വാസമായി അനുഗ്രഹത്തിന്റെ നിദാന്ത കലവറയായി സത്യവിശ്വാസത്തിന്റെ വിളക്കുമരമായി പരി.ബസേലിയോസ് യൽദോ ബാവായുടെ തിരു ഖബർ സ്ഥിതി ചെയ്യുന്നു.പരി.മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ തിരുമനസ്സുകൊണ്ട് തന്റെ E.265/87 നമ്പർ കല്പന പ്രകാരം പരി.ബസേലിയോസ് യൽദോ ബാവായുടെ നാമം അഞ്ചാം തുബ്ദേനിൽ ചേർത്ത് ഓർക്കുവാൻ കല്പിച്ച് അനുഗ്രഹിച്ചു.ഈ ഖബറിങ്കൽ ആർക്കും വരാം അവകാശികളായല്ല അഭയാർത്ഥികളായി മാത്രം. എല്ലാവർക്കും കന്നി 20 പെരുന്നാൾ ആശംസകൾ.

( ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളി സഹവികാരിയാണ് ലേഖകൻ )

Leave a Reply