വേഗപ്പോരാട്ടത്തിന്റെ ആവേശത്തിൽ കോതമംഗലം ; പെട്രോൾ,ഡീസൽ,അമേച്ചർ വിഭാഗങ്ങളിൽ കപ്പ് സ്വന്തമാക്കി കോതമംഗലത്തെ ചുണക്കുട്ടന്മാർ.


കോതമംഗലം : ഓട്ടോ ക്രോസ്സ് വിഭാഗത്തിൽ നിന്നും വ്യത്യസ്ഥമായി റാലി അനുഭവം ലഭിക്കുന്നതിനായി സംഘടിപ്പിച്ച പുത്തൻ ഇനമായ റാലി ക്രോസിന് കോതമംഗലം വേദിയായി. പരീക്ഷണാർത്ഥം സംഘടിപ്പിച്ച ഈ വേഗപ്പോരാട്ടം കേരളത്തിലാദ്യമായിട്ടാണ് നടക്കുന്നത്.  കോതമംഗലം ടീം റാലി സ്പോട്ട് എന്ന ക്ലബിന്റെ നേതൃത്വത്തിൽ 50- ഓളം വാഹനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന റാലി ക്രോസ് മത്സരം ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ആരംഭിച്ചത്. കോതമംഗലം – നാടുകാണി റോഡിൽ ഇടയ്ക്കാട്ടുകുടി എസ്റ്റേറ്റിൽ താത്കാലികമായി ഉണ്ടാക്കിയ ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്.

സാധാരണ നടക്കുന്ന ഓട്ടോ ക്രോസ് റാലികളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് റാലി ക്രോസ് സംഘടിപ്പിക്കുന്നത്. കയറ്റിറക്കങ്ങളും കൊടും വളവുകളുമുള്ള ട്രാക്കിലൂടെ മുരൾച്ചയോടെ വാഹനങ്ങൾ ചീറിപ്പാഞ്ഞപ്പോൾ കാണികൾ ആരവവുമായി ട്രാക്കിനിരുവശവും തിങ്ങിനിറഞ്ഞു.

ഏഴ് കാറ്റഗറിയിലായി നടന്ന മത്സരത്തിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി 50 – ഓളം വാഹനങ്ങൾ പങ്കെടുത്തു. രണ്ട് കിലോമീറ്റർ നീളത്തിൽ വെട്ടിയുണ്ടാക്കിയ ട്രാക്കിൽ എതിരാളികളെ പിന്നിലാക്കി ഒന്നാമനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു മത്സരാർത്ഥികൾ.

കയറ്റിറക്കങ്ങളും വളവുകളും അതിവേഗം പിന്നിട്ട് സാഹസിക മുന്നേറ്റത്തിലൂടെ ലക്ഷ്യത്തിലേക്കെത്താനുള്ള വ്യഗ്രതയിലായിരുന്നു എല്ലാവരും. പൂർണ പിന്തുണയോടെ നൂറുകണക്കിന് കാണികളും തടിച്ചുകൂട്ടിയതോടെ ട്രാക്കും ആവേശക്കൊടുമുടിയിലായി.

സംസ്ഥാനത്തിനകത്തും പുറത്തും നിരവധി റാലികളിൽ പങ്കെടുത്തിട്ടുള്ള ഷോബ് ജോർജ് , അതുൽ തോമസ്, അമൽ, അലൻ എന്നിവരാണ് റാലി ക്രോസ് എന്ന നൂതന വേഗപ്പോരാട്ട മത്സര ഇനത്തിന് രൂപം നൽകിയത്. ഒരു റാലിക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേർന്ന റാലി ക്രോസ് റാലി പ്രേമികൾ ഏറ്റെടുത്ത സന്തോഷത്തിലാണ് സംഘാടകർ.

ഏഴ് കാറ്റഗറിയിലായി നടന്ന മത്സരത്തിൽ കോതമംഗലം സ്വദേശിയ അതുൽ തോമസ് പെട്രോൾ , ഡീസൽ വിഭാഗങ്ങളിൽ ട്രോഫി കരസ്ഥമാക്കി. അമേച്ചർ വിഭാഗത്തിൽ വൈശാഖ് പാറേക്കര ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും , പെട്രോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കസ്തമാക്കിയ ഷമി നാസറും  കോതമംഗലം സ്വദേശികൾ ആണെന്നുള്ളത് അഭിമാനിക്കാവുന്ന നേട്ടംകൂടിയാണ്.

Leave a Reply