കേട്ടറിവ് കോതമംഗലത്തെ സഞ്ചാരികളെ എത്തിച്ചത് “കൊള്ളിമല” എന്ന അത്ഭുത ഭൂമിയിലേക്ക്.


കോതമംഗലം: കേട്ടറിഞ്ഞ കൗതുകം കോതമംഗലത്തെ സഞ്ചാരികളെ എത്തിച്ചത് തമിഴ് നാട്ടിലെ കൊള്ളിമലയിൽ. കോതമംഗലത്തുനിന്നും 400 കിലോമീറ്റർ സഞ്ചരിച്ചു വേണം തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമലയിൽ എത്തുവാൻ. കോതമംഗലത്തു നിന്നും പാലക്കാട് വാളയാർ കടന്ന് സേലം ഹൈവേയിലൂടെ ( L&T ബൈപ്പാസ് ) കരൂർ, നാമയ്ക്കൽ കൂടി കൊള്ളിമലയിൽ എത്താം.

സാധാരണക്കാർക്ക് അത്യാവശ്യ ഭക്ഷണവും താമസ സൗകര്യവുമെല്ലാം ലഭിയ്ക്കുന്ന ഒരു സ്ഥലമാണ് കൊള്ളിമല. 70 ഹെയർ പിൻ വളവുകൾ കയറിയാൽ 1300 മീറ്റർ ഉയരത്തിൽ, കോടമഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ മാറിമറിയുന്ന 280 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊള്ളിമല. കൊള്ളിമലയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ ആകായ ഗംഗ (ആകാശഗംഗ ) വെള്ളച്ചാട്ടമാണ്.

അർപ്പളേശ്വര എന്ന ക്ഷേത്രത്തിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം. ഈ ക്ഷേത്ര പരിസരത്തു നിന്നും ഏകദെശം ആയിരത്തോളം പടികൾ താഴോട്ടിറങ്ങിയാലാണ് വെള്ളച്ചാട്ടത്തിനടുത്തെത്താനാവുക. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും താഴെപ്പോയി വരാൻ എടുക്കുകയും ചെയ്യും. കേരളത്തിന്റെ ഗ്രാമീണ ഭൂപ്രകൃതിയാണ് കൊള്ളിമലയിൽ കാണാനാകുക. നെല്ലും നാണ്യവിളകളും പച്ചക്കറിയുമെല്ലാം അവിടെ കൃഷി ചെയ്യുന്നു.

എഴുപത് ഹെയർപിൻ ബെന്റുകളുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും ആസ്വദിച്ച് തിരിച്ചു വരുമ്പോൾ അടിവാരത്തെ കാരവല്ലി എന്ന സ്ഥലത്ത് മിതമായ നിരക്കിൽ മാമ്പഴങ്ങൾ തോട്ടത്തിൽ നിന്നും നേരിട്ട് വാങ്ങുവാനും സാധിക്കും.

തമിഴ് നാട്ടിലെ മഴക്കാലത്താണ് ഇവിടേക്ക് യാത്രപോകുവാൻ ഏറ്റവും അനുയോജ്യമെന്ന് ഹെബ്രോൺ ട്രാവെൽസ് സാരഥികൂടിയായ എൽദോസ് വെളിപ്പെടുത്തുന്നു.  കൊള്ളിമലയിലെ ആകാശഗംഗ വെള്ളച്ചാട്ടം അപ്പോൾ കൂടുതൽ മനോഹരമാകുമെന്ന് എൽദോസ് പറയുന്നു.

70 ഹെർപ്പിൻ വളവുകളും കയറ്റവും, ആകാശ ഗംഗ വെള്ളച്ചാട്ടവും തിരിച്ചുള്ള ഇറക്കവും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നതെന്ന് കോതമംഗലത്തുനിന്നും കൊള്ളിമലയിൽ പോയി വന്നവർ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply