ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളിയിൽ വിശ്വാസ ഐക്യദാർഢ്യ സമ്മേളനവും വിശ്വാസമതിലും


കീരംപാറ : ഒക്ടോബർ മാസം 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടന്ന രണ്ടാം കൂനൻ കുരിശ് സത്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ വലിയ പള്ളിയിൽ വിശ്വാസ ഐക്യദാർഢ്യ സമ്മേളനവും വിശ്വാസമതിലും നടത്തപ്പെട്ടു. രാവിലെ തൃശ്ശൂർ ഭദ്രാസനാധിപനും അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനുമായ അഭി.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും നേതൃത്വത്തിലും 7 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30 ന് വി.കുർബ്ബാനയും തുടർന്ന് വിശ്വാസ പ്രഖ്യാപന സമ്മേളനവും നടത്തപ്പെട്ടു. പരി. സുറിയാനി സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും പീഢകൾ സഹിക്കുകയും ചെയ്ത മോർ യാക്കൂബ് ബുർദ്ദാനയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഖബറിടത്തിൽ കൈ പിടിച്ച് നിന്ന് അഭി.തിരുമനസ്സുകൊണ്ട് ചൊല്ലിത്തന്ന സത്യവാചകം ജനസഹസ്രങ്ങൾ ഏറ്റുചൊല്ലി.

366 വർഷങ്ങൾക്കു മുമ്പ് AD 1653 ൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിലും ഒക്ടോബർ 6ന് കോതമംഗലം ചെറിയപള്ളിയിലെ കൽക്കുരിശിലും ആലാത്ത് കെട്ടി ഞങ്ങളുടെ പൂർവ്വപിതാക്കന്മാരും ഞങ്ങളും ഏറ്റുചൊലിയ അതേ സത്യവിശ്വാസം ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം പരി. അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്നും, സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം പരി. അന്ത്യോഖ്യാ സിംഹാസനത്തെ ഉപേക്ഷിക്കയില്ല എന്നും, ഞങ്ങളുടെ പൂർവ്വികർ പകർന്നു തന്ന ഈ പൗരാണികമായ സത്യവിശ്വാസത്തെ ഞങ്ങൾ ഞങ്ങളുടെ വരും തലമുറകൾക്ക് പൈതൃകമായി പകർന്നു കൊടുക്കുമെന്നും ചങ്കിൽ കൈവച്ച് ഉറക്കെ പ്രഖ്യാപിക്കപ്പെട്ടു. ഇനിയും റോഡരികിൽ വച്ച് വിലപേശുവാൻ യാക്കോബായക്കാരന് മൃതശരീരങ്ങൾ ഇല്ലാ എന്നും, ഞങ്ങളുടെ വിശ്വാസം ഞങ്ങളുടെ ജന്മാവകാശമാണെന്നും, ഞങ്ങളുടെ മൃതശരീരങ്ങൾ തൊട്ട് അശുദ്ധമാക്കുവാൻ ശപിക്കപ്പെട്ടവരെ ഞങ്ങൾ അനുവദിക്കില്ല എന്നും, മുടക്കപ്പെട്ടവന്റെ പൗരോഹിത്യം ഞങ്ങൾക്ക് ആവശ്യമില്ല എന്നും ഞങ്ങൾ ഉറച്ച സ്വരത്തിൽ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.

ചേലാട് ഇടവകയോടൊപ്പം സമീപ ഇടവകകളുടെ പ്രാതിനിത്യവും ഈ മഹാസമ്മേളനത്തോടു കൂടെയുണ്ടായിരുന്നു. വികാരി ഫാ.മത്തായി കുഞ്ഞ് കല്ലുങ്കൽ ,ഫാ.ബേബി മംഗലത്ത് ,ഫാ.ബേസിൽ ജോസഫ് ഇട്ടിയാണിക്കൽ (സഹവികാരിമാർ), ശ്രീ. സണ്ണി വേളൂക്കര, അരുൺ തക്കിരിക്കൽ (ട്രസ്റ്റിമാർ) എന്നിവർ നേതൃത്വം നൽകി.

Leave a Reply