- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇറങ്ങി വന്ന 11 കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റൽ വിട്ടൊഴിയുന്നില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ജൂലൈ ആറാം തീയതി വൈശാലി ഗുഹയ്ക്ക് അടുത്ത് കുടിൽ കെട്ടാൻ ഒരുങ്ങിയ ആദിവാസി കുടുംബങ്ങളെ താൽക്കാലികമായി താമസിപ്പിച്ചിരുന്ന സ്ഥലമാണ് ഇടമലയാർ ട്രൈബൽ സ്കൂളിന്റെ ഹോസ്റ്റൽ. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഈ കുടുംബങ്ങൾ ഇവിടെയാണ് കഴിഞ്ഞു വരുന്നത്. ഈ കാലയളവിൽ ഒട്ടേറെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വന്നു പോയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നാണ് കുടുംബങ്ങൾ പറയുന്നത്.
സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നവംബർ മാസം ഒന്നാം തീയതി സ്കൂൾ തുറക്കും എന്നാണ് അറിയിച്ചിട്ടുള്ളത് . അതുകൊണ്ടുതന്നെ കുട്ടികൾക്കായി ഹോസ്റ്റൽ ഒഴിഞ്ഞു കൊടുക്കേണ്ടതുണ്ട്. സർക്കാർ ഇടപെട്ട് തങ്ങളെ സുരക്ഷിതമായ ഒരു പുനരധിവാസത്തിന് തയ്യാറായില്ലെങ്കിൽ ഹോസ്റ്റൽ വിടില്ല എന്ന നിലപാടിലാണ് ഊരു നിവാസികൾ.
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി പോയാൽ പോകാൻ മറ്റൊരിടം ഇല്ല. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും ഇവിടെ തന്നെ നിൽക്കും. സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ല എങ്കിൽ വീണ്ടുമൊരു ആദിവാസി മേഖലയിലെ സംഘർഷത്തിലേക്ക് ആണ് കാര്യങ്ങൾ കൊണ്ടു പോകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലേക്ക് പോകാൻ ഊരു നിവാസികൾ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തണമെന്ന് ഉള്ള ബാലാവകാശകമ്മീഷന്റെ ഉത്തരം പോലും നടപ്പിലാക്കാൻ വേണ്ടപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല.
ഇവിടെ നിന്നും ഇറങ്ങിയാൽ പോകാൻ മറ്റൊരിടം ഇല്ല അതുകൊണ്ടുതന്നെ ഹോസ്റ്റലിൽ തന്നെ തുടരാനാണ് എല്ലാവരുടെയും കൂട്ടായ തീരുമാനം. നിങ്ങൾക്ക് സംരക്ഷണ ഒരുക്കേണ്ട പോലെ തന്നെ മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഞങ്ങൾ ആയിട്ട് പെരുവഴിയിലേക്ക് ഇറങ്ങില്ല എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ വെളിപ്പെടുത്തുന്നു. നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്, ആദിവാസി കുടുംബങ്ങൾ സ്വമേധയാ ഒഴിഞ്ഞുപോകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് മുവാറ്റുപുഴ ടി. ഡി. ഓ പറയുന്നു.