ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഹ്യൂണ്ടായ് കോന വിപണിയിൽ


ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇലക്ട്രിക് കാറായ കോന ഇന്ത്യയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യൂണ്ടായ് കോന. ഒറ്റ ചാർജിൽ 452 കിലോമീറ്ററാണ് ARAI സ്ഥിരീകരിച്ച ദൂര പരിധി. 2018 ജനീവ മോട്ടോർ ഷോയിലാണ് ഹ്യുണ്ടായ് ഇലക്ട്രിക് മോഡലായ കോന അവതരിപ്പിക്കുന്നത്.

വില നിയന്ത്രണത്തിനായി ഇന്ത്യയിൽ അസംബിൾ ചെയ്താണ് ഹ്യൂണ്ടായ് കോന വിപണിയിൽ എത്തിക്കുന്നത്. വെന്യു, ക്രെറ്റ, ട്യൂസോൺ എന്നിവ ഉൾപ്പെടുന്ന ഹ്യൂണ്ടായിയുടെ എസ്‌യുവി നിരയിലേക്കാണ് കോന എത്തുന്നത്. തുടക്കത്തിൽ 5 നഗരങ്ങളിൽ മാത്രമാകും മോഡലിന്റെ വിൽപ്പന.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് നിലനിൽക്കുന്ന മിഥ്യാധാരണകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കിയാണ് ഹ്യുണ്ടായ് കോന വിപണിയിൽ എത്തുന്നത്. 39.2 കിലോവാട്ട് ലിഥിയം അയൺ പോളിമർ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 135 PS കരുത്തും 395 Nm ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്. പൂജ്യത്തിൽനിന്നും നൂറ് കിലോമീറ്റർ വേഗതയാർജിക്കാൻ 9.7 സെക്കന്റ് മതി. വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 167 കിലോമീറ്ററാണ്. ബാറ്ററിക്ക് 8 വർഷത്തെ വാറന്റിയാണ് കമ്പനി നൽകുന്നത്.

എൽ.ഇ.ഡി ഹെഡ് ലാംപ്, എൽ.ഇ.ഡി ടെയിൽ ലാംപ്, 17 ഇഞ്ച് അലോയ് വീലുകൾ, 8 ഇഞ്ച് ടച് സ്‌ക്രീൻ ഇൻഫോ സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കും ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് ഹ്യൂണ്ടായ് കോന വിപണിയിൽ എത്തുന്നത്. 6 എയർ ബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം എന്നിവ സുരക്ഷയൊരുക്കുന്നു. 25.30 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് കോനയുടെ എക്‌സ്‌ഷോറൂം വില.

Leave a Reply