പരാജയം മുന്നിൽക്കണ്ട് കോൺഗ്രസ് എൽ.ഡി.എഫിനെതിരെ കുപ്രചരണം നടത്തുന്നു: എസ്.സതീഷ് -ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്


കോതമംഗലം: അവസാനത്തെ അടവായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കേരളത്തിൽ ഇറക്കിയിട്ടും ഇടതുപക്ഷത്തിനെതിരെ രക്ഷയില്ലെന്നും വൻ പരാജയം മുന്നിൽ കണ്ട് കോൺഗ്രസ് പരാജയഭാരം കുറക്കാൻ മാന്യതക്ക് നിരക്കാത്ത നട്ടാൽ കുരുക്കാത്ത കുപ്രചരണങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കെതിരെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ചില സ്വകാര്യ ചാനലുകാരെ സ്വാദീനിച്ചും പ്രചരിപ്പിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഊന്നുകല്ലിൽ പറഞ്ഞു. എന്നാൽ ഇതൊന്നും കേരളത്തിലെയും ഇടുക്കിയിലേയും പ്രബുദ്ധരായ വോട്ടർമാർ വിശ്വസിക്കില്ലായെന്നും ജോയിസ് ജോർജ്ജിനെ വിജയിപ്പിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ടെന്നും എസ്.സതീഷ് പറഞ്ഞു.

ഇടുക്കിയെ പ്രതിനിധീകരിച്ച് പാർലമെന്റിനകത്തും പുറത്തും മണ്ഡലത്തിലുടനീളവും മികച്ച പ്രവർത്തനം ജന സേവന രംഗത്ത് തെളിച്ച ഏറ്റവും മികച്ച എം.പി.യായിരുന്ന ജോയിസ് ജോർജിന്റെ വിജയം മതേതര കേരളത്തിന്റെ ആവശ്യമാണെന്നും ആയതിനാൽ അദ്ദേഹത്തിനെ വിജയിപ്പിക്കണമെന്നും കവളങ്ങാട് എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി ഊന്നുകൽ ടൗണിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്.സതീഷ്.

തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ നൗഷാദ് റ്റി.എച്ച്.അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, സി.പി.എം.ലോക്കൽ സെക്രട്ടറി ഷിബു പടപറമ്പത്ത്, ജനതാദൾ (എൽ. ജെ.ഡി) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി , ജനാധിപത്യ കേരള കോൺഗ്രസ് പ്രസിഡന്റ് സൈഷൻ മാങ്കുഴ ,ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ്, പി.എസ്.എ.കബീർ, അസൈനാർ തേങ്കോട്, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിലും സമ്മേളനത്തിലും നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.

Leave a Reply