ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ ഇരുപക്ഷവും: പ്രതിരോധം തീർക്കാൻ എൻ.ഡി.എയും, പൊമ്പിളൈ ഒരുമൈയും.


▪ ഷാനു പൗലോസ്.

കോതമംഗലം: കനത്ത ചൂടിനൊപ്പമാണ് കേരളം. മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേനെ ചൂട് കുറവാണ് ഇടുക്കിയിലെങ്കിലും ഇക്കുറി പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നന്നെ വിയർക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ ഇരുപക്ഷത്തിന്റെയും സ്ഥാനാർത്ഥികൾ തന്നെയാണ് ഇക്കുറിയും വീണ്ടും മണ്ഡലത്തിലിറങ്ങിയത് മാത്രമാണ് ഏക ആശ്വാസവും.

നിലവിലെ എം.പിയായ ജോയ്സ് ജോർജ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയെന്ന് പറയുന്ന വികസന പ്രവർത്തനങ്ങളുടെ പട്ടിക നിരത്തികൊണ്ടാണ് മണ്ഡലത്തിൽ വീണ്ടും ഒരവസരം കൂടി ചോദിക്കുന്നത്. 4750 കോടി രൂപയുടെ വികസനം ഇടുക്കി മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെട്ട് മണ്ഡലത്തിലുടനീളം കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്ന് കഴിഞ്ഞു. ശബരി റെയിൽ പാതയും ജോയ്സിന്റെ പ്രചരണങ്ങളിൽ ശക്തമാണ്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിന്റെ പ്രകടനപത്രിക ഇടുക്കിയുടെ വികസനത്തെ മുൻനിർത്തിയാണ്. നാടൊട്ടാകെ നടപ്പിലാക്കാത്ത വികസന പട്ടികയുടെ ഫോട്ടോ ഫ്ലക്സ് വച്ചതു കൊണ്ട് മണ്ഡലത്തിൽ വികസനം ഉണ്ടാവില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡീൻ കുര്യാക്കോസ് ഇടുക്കിയിലേക്ക് ഇടിച്ച് കയറിയത്.

4750 കോടി രൂപയെ മണ്ഡലാടിസ്ഥാനത്തിൽ ചിലവഴിച്ചതിന്റെ വ്യക്തമായ കണക്ക് ചോദിച്ചും, കള്ള കണക്കിനെ കളിയാക്കിയുമാണ് ജോയ്സിന്റെ ഫ്ലക്സ് പ്രചരണത്തെ യു.ഡി.എഫ് തിരിച്ചടിക്കുന്നത്.

എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണനെയും സിംപിളെന്ന് പറഞ്ഞ് ആർക്കും തള്ളി കളയാൻ കഴിയുകയില്ല. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റായിരുന്ന ബിജു കൃഷ്ണൻ പാർട്ടി വിട്ട് ജെ.എസ്.എസ് സ്ഥാനാർത്ഥിയായി കരിമണ്ണൂർ ഡിവിഷനിൽ നിന്ന് മത്സരിച്ചത് അത്ര എളുപ്പം മറക്കാൻ കഴിയുകയില്ല. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ മൃഗീയ ഭൂരിപക്ഷത്തിന് തോല്പിച്ചാണ് ഇടുക്കി ജില്ലാ പഞ്ചായത്തംഗമായി ബിജു തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ബി.ഡി.ജെ.എസ് അംഗമായി ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ ലേബലിൽ അങ്കം കുറിക്കാൻ മണ്ണിലിറങ്ങിയപ്പോൾ ഇരുപക്ഷവും വോട്ട് ചോർച്ച ഭയക്കുന്നു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനോട് ഇടഞ്ഞ് നിൽക്കുന്ന ഹൈന്ദവ വിശ്വാസികളുടെ വോട്ടുകൾ മറ്റൊരു സ്ഥാനാർത്ഥിയ്ക്കും പോകുകയില്ലെന്ന ഉറപ്പ് ഇത്തവണ എൻ.ഡി.എയ്ക്കുണ്ട്. ഇടുക്കിയിലെ കർഷക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനവുമായിട്ടാണ് ബിജു കൃഷ്ണന്റെ വരവ്. അതുപോലെ ഇടുക്കിയിൽ സ്ത്രീകളുടെ സമരത്തിന് മറ്റൊരു മുഖം നൽകി വിപ്ലവം സൃഷ്ടിച്ച പൊമ്പിളൈ ഒരുമൈ സംഘടനയുടെ സ്ഥാനാർത്ഥിയായി ഗോമതിയും കൂടി ഇടുക്കിയിൽ മത്സരിക്കുന്നതിനുള്ള തീരുമാനത്തിലാണ്.

മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിത്യസ്ഥമായി രാഷ്ട്രീയത്തെ ഒരു കൈപ്പാട് ദൂരെ നിർത്തി കൊണ്ട്, മലയോര ദേശത്ത് മണ്ണിനോട് മല്ലിട്ട് ജീവിക്കുന്ന ജനതയുടെ മനസ്സിന്റെ ചുരം നടന്ന് കയറി അവരെ കീഴടക്കി ഇടുക്കിയിൽ മിടുക്ക് തെളിയിക്കൽ അത്ര എളുപ്പമല്ല.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തെ സ്ഥിതിഗതികളല്ല ഇപ്പോൾ ഇടുക്കി മണ്ഡലത്തിൽ അലയടിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം കത്തോലിക്ക സഭയുടെ ഔദ്യോഗിക നിലപാടുകൾ എന്ന തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇറക്കിയ ഇടയലേഖനങ്ങളാണ്. കഴിഞ്ഞ ഇലക്ഷനിൽ കത്തോലിക്ക വൈദീകർ ചുക്കാൻ പിടിച്ച് രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി തെരെഞ്ഞെടുപ്പിൽ ആദിയോടന്തം സജീവമായിരുന്നു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജോയ്സ് ജോർജിനെ സഭയുടെ സ്വന്തം കുഞ്ഞാടായിട്ടാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന ലേബലിൽ ഇറക്കിയതെങ്കിലും ഇടത് പക്ഷം ഇടുക്കിയിലെ കാറ്ററിഞ്ഞ് വല വീശിയതോടെ ജോയ്സ് ജോർജ് ഇടത്പക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി. അതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കത്തോലിക്ക വിഭാഗത്തിലെ ഡീൻ കുര്യാക്കോസിന് സഭാംഗങ്ങൾക്കിടയിൽ പോലും വേണ്ടത്ര പരിഗണന ലഭിക്കാതെ തഴയപ്പെടുന്ന കാഴ്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായതാണ്.

അതിനാൽ ഇത്തവണയും എൽ.ഡി.എഫ് ഇടുക്കി മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ചിന്തിച്ചതുമില്ല. കഴിഞ്ഞ പ്രാവശ്യം ജോയ്സിന് പ്രത്യേക പരിഗണന കൊടുത്ത കത്തോലിക്ക സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരെയും പ്രത്യേകമായി പിന്തുണയ്ക്കുകയില്ലെന്ന പ്രസ്താവന ഇറക്കിയിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വിജയത്തിന് മുന്നിൽ നിന്ന കത്തോലിക്ക സഭയ്ക്ക് ജോയ്സ് ജോർജിനോട് അകലം രൂപപ്പെട്ടതിന്റെ സൂചനയിലേക്ക് തന്നെയാണ് ഈ കല്പന വിരൽ ചൂണ്ടുന്നത്.

അങ്ങനെയെങ്കിൽ കല്പനകളുടെ പ്രതിഫലനം ഏറ്റവും ഗുണകരമാകുന്നത് കോൺഗ്രസിലെ ഡീൻ കുര്യാക്കോസിന് തന്നെയാകുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ഇതിനെ ഒന്നുകൂടി ഉറപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവനയും ഇറങ്ങിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ വൈദീകർ ഒരു കാരണവശാലും മുന്നിട്ടിറങ്ങരുതെന്ന കല്പന ജോയ്സ് ജോർജിനെ സഭ പരസ്യമായി കൈവിട്ടതിന്റെ തെളിവാണ്.

ഇതോടെ യഥാർത്ഥത്തിൽ വെട്ടിലായത് ഇടത് പക്ഷമാണ്. കാര്യമായ പ്രവർത്തനം നടത്താതെ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജയം ഇടത് പക്ഷത്തെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിൽ ഇക്കുറി മറ്റ് മണ്ഡലങ്ങളിലെ പോലെ തന്നെ ഇടുക്കിയിലും പാർട്ടി യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് ഇടത് പക്ഷം വിയർപ്പൊഴുക്കേണ്ടി വരും. വൈദീകർ വിട്ടു നിന്നതോടെ സഭയുടെ ചട്ടക്കൂടിന് കീഴിൽ നിന്ന് പ്രവർത്തിക്കുന്ന വിശ്വാസികളും സംരക്ഷണ സമിതി പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും മാറിയ അവസ്ഥയായി. ചുരുക്കത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി വെറും കടലാസ് സംഘടനയായി കഴിഞ്ഞു. ഇനി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവർത്തകർ എന്ന പേരിലും ഇടത്പക്ഷ പ്രവർത്തകർ പൊതു സമൂഹത്തിൽ അഭിനയിക്കേണ്ടി വരും. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിക്ക് സിപിഎം പിന്തുണ കൊടുക്കുകയും , ഇത്തവണ സിപിഎം സ്ഥാനാര്ഥിക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണ കൊടുക്കുന്ന നയവൈരുദ്ധ്യവും അണികൾക്ക് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.

കത്തോലിക്ക സഭയുടെ പുതിയ നിലപാടിൽ കോൺഗ്രസ് പാർട്ടി തികഞ്ഞ സംതൃപ്തിയിലാണ്. ജയ -പരാജയത്തെ നിർണ്ണയിക്കുന്ന നിർണ്ണായക ശക്തിയുടെ സ്വതന്ത്ര നിലപാടുകൾ ഇടുക്കിയിൽ മാറ്റത്തിന് വഴി തുറക്കുമെന്ന കോൺഗ്രസിന്റെ വാക്കുകളിൽ ആത്മ വിശ്വാസത്തിന്റെ ധ്വനിയുണ്ട്. ഒപ്പം കേരളത്തിൽ രാഹുൽ തരംഗം അലയടിക്കുമെന്നും യു.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ നേരിട്ട തിക്താനുഭവങ്ങളെ അഞ്ച് വർഷം പിന്നിട്ടപ്പോൾ പൂർണ്ണമായും ഇല്ലാതാക്കാൻ ഡീൻ കുര്യാക്കോസിന് കഴിഞ്ഞത് നേട്ടമാണെന്നും, ഒന്നാം ഘട്ട പ്രചരണത്തിൽ മണ്ഡലത്തിന്റെ ഹൃദയവികാരം യു.ഡി.എഫിന് ഒപ്പമാണെന്നത് തിരിച്ചറിഞ്ഞെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആലത്തൂർ മാത്രമല്ല, ഇടുക്കിയിലും ഞങ്ങൾ പാടും.. #PJ ❤

Posted by Dean Kuriakose on Wednesday, March 27, 2019

മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട പ്രചരണ പരിപാടികളും ഏറെക്കുറേ പൂർത്തിയായി. ഏപ്രിൽ 23ന് തങ്ങളുടെ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽ ഓരോ വോട്ടും വീഴിക്കാൻ സോഷ്യൽ മീഡിയയ്ക്ക് പൊതു സമൂഹത്തിലെ സ്വാധീനവും രാഷ്ട്രീയ പാർട്ടികൾ പരമാവധി ഉപയോഗിക്കുകയാണ്.

അതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ പോസ്റ്ററുകൾ എൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി നശിപ്പിക്കുകയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ മര്യാദപോലും പാലിക്കാത്ത ഈ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നുവെന്ന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.പി ബാബു കോതമംഗലം വാർത്തയോട് പ്രതികരിച്ചു.

Leave a Reply