പത്ര വിതരണത്തിനിടയിൽ രക്ഷാപ്രവർത്തനം ; കനാലിൽ മുങ്ങിത്താണ അമ്മയുടെയും മകന്റെയും ജീവൻ കരക്കടുപ്പിച്ചു ദിനൂപ്.


കോട്ടപ്പടി : പെരിയാർവാലി ഹൈലെവൽ കനാലിൽ ഒഴുക്കിൽപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും പത്ര ഏജന്റ് പിണ്ടിമന ചെമ്മനാൽ സി.എം. ദിനൂപ് രക്ഷകനായി. കോട്ടപ്പടി പഞ്ചായത്തിലെ ആയപ്പാറ ഭാഗത്ത് ഇന്നലെ രാവിലെ പെരിയാർവാലി കനാലിൽ കുളിക്കാൻ എത്തിയ അമ്മയും മകനുമാണ് അപകടത്തിൽ പെട്ടത് . മലപ്പുറം തിരൂർ മുഞ്ചയ്ക്കൽ വിനോദ്കുമാറിന്റെ ഭാര്യ സന്ധ്യ വിനോദും (35), മകൻ ആരോമലും (4) ആണ് അപകടത്തിൽ പെട്ടത്. കുളിക്കുന്നതിനിടെ കാൽതെറ്റി ഒഴുക്കിൽപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ സന്ധ്യയും കനാലിലേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെ കൈയിൽ കിട്ടിയെങ്കിലും നീന്തൽ വശമില്ലാത്ത സന്ധ്യ കനാലിലൂടെ ഒഴുകിപ്പോവുകയായിരുന്നു .

അയപ്പാറ ഭാഗത്തു രാവിലെ പത്രം നൽകി ബൈക്കിൽ മടങ്ങിപ്പോകുമ്പോഴാണ് ദിനൂപ് കനാലിൽ കുഞ്ഞിന്റെ തല വെള്ളത്തിനു മുകളിൽ മുങ്ങി പൊങ്ങുന്നത് ശ്രദ്ധയിൽ പെടുന്നത്. സംശയം തോന്നി നോക്കിയപ്പോൾ ഒരു സ്ത്രീ കുഞ്ഞിനെ പൊക്കി പിടിച്ചിരിക്കുകയാണെന്ന് മനസ്സിലാകുകയും , അപകടം സംഭവിച്ചതാണെന്ന് മനസ്സിലാക്കി ബഹളം കൂട്ടി നാട്ടുകാരെ അറിയിക്കുകയും , സമയം കളയാതെ ദിനൂപ് കനാലിലേക്ക് എടുത്തു ചാടി കുഞ്ഞിനെ കരക്ക് എത്തിക്കുകയായിരുന്നു. വീണ്ടും നീന്തിച്ചെന്ന് വെള്ളത്തിൽ താഴ്ന്നുപോയിരുന്ന സന്ധ്യയുടെ മുടിയിൽ പിടിച്ച് കരക്ക് കയറ്റുകയായിരുന്നു.

കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അമ്മയും കുഞ്ഞും. ഇരുവരും അപകടനില തരണം ചെയ്തു. മലപ്പുറത്താണ് സന്ധ്യയുടെ കുടുബം താമസിക്കുന്നത്. ഭർത്താവ് വിനോദ്കുമാറിന്റെ തറവാട്ടിലെത്തിയതായിരുന്നു ഇവർ. സന്ധ്യ തീവ്രപരിചരണ വിഭാഗത്തിലാണ്. സി.എം. ദിനൂപിന്റെ ധീരതയിൽ അമ്മയേയും മകനെയും രക്ഷിക്കുവാൻ സാധിച്ചതിൽ നാനാ തുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

Leave a Reply