- ബിനിൽ വാവേലി
കോട്ടപ്പടി : കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ രോഗലക്ഷണമുള്ള നിർധനരായ രോഗികളെ പരിശോധിക്കുകയും കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. ഏകദേശം മുന്നൂറ് രൂപയാണ് ആൻ്റി ജൻ ടെസ്റ്റ് കിറ്റിൻ്റെ വില എന്നാൽ പൂർണ്ണമായും സൗജന്യമായിട്ടാണ് സിസ്റ്റർ അഭയയുടെ നേതൃത്വത്തിലുള്ള ടീം പരിശോധന നടത്തിയത്. പരിശോധന നടത്തിയ 31 പേരിൽ 12 പേർക്ക് കോവിഡ് പോസിറ്റീവ് ആവുകയും അവർക്ക് വേണ്ട മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു.
വാർഡ് മെമ്പർ ശ്രീ സന്തോഷ് അയ്യപ്പൻ കോട്ടപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക ശ്രീമതി ഫെമീന മുൻ മെമ്പർ ശ്രീമതി ഷാൻ്റി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമാണ് വടക്കുംഭാഗത്ത് ഇത്തരത്തിൽ ഒരു പരിശോധനയ്ക്ക് വേണ്ടതായ സൗകര്യം ഒരുക്കിയത്. വടക്കുംഭാഗത്തെ സാംസ്കാരിക നിലയം വാർഡിലെ കൊറോണ രോഗികൾക്ക് സഹായമെത്തിക്കുന്നതിനും അവശ്യവസ്തുക്കൾ സംഭരിക്കുന്നതിനും ഉള്ള റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ ഓഫീസ് ആയി ക്രമികരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ വടക്കുംഭാഗത്തെ നിർധനരായ ജനങ്ങളെ കരുതിയ ധർമഗിരി ആശുപത്രിയോടും ആദരണീയരായ സിസ്റ്റർ മാരോടുള്ള നന്ദിയും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തതാണെന്നും. വാർഡിലെ എല്ലാ പ്രവർത്തങ്ങൾക്കും കരുത്തരായ റാപ്പിഡ് റെസ്പോൺസ് ടീം പൂർണ്ണ സജ്ജരാണെന്നും വാർഡ് മെമ്പർ പറഞ്ഞു.