കുട്ടമ്പുഴ പ്രദേശത്ത് നിന്നും ഈറ്റ ശേഖരണത്തിന് അനുമതി നൽകും: വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ.


കോതമംഗലം:- കുട്ടമ്പുഴ പ്രദേശത്ത് നിന്നും ഈറ്റ ശേഖരിക്കുന്നതിന് അനുവാദം നൽകുമെന്ന് ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ.ഇ പി ജയരാജൻ നിയമ സഭയിൽ വ്യക്തമാക്കി. മലയാറ്റൂർ ഡിവിഷന്റെ അംഗീകൃത വർക്കിങ്ങ് പ്ലാൻ പ്രകാരം 2019-20 വർഷത്തിൽ കുട്ടമ്പുഴ പ്രദേശത്ത് നിന്നും ഈറ്റ ശേഖരണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഈറ്റ ശേഖരണത്തിന് അനുമതി ലഭ്യമാക്കുന്നതിനു വേണ്ട നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തത് ചൂണ്ടിക്കാട്ടി ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു. മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈറ്റ ശേഖരണം നടക്കാത്തതിനാൽ നൂറ് കണക്കിന് പരമ്പരാഗത തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഇത്തരത്തിൽ തൊഴിൽ നഷ്ടം അടക്കം ഈറ്റ തൊഴിലാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈറ്റ വെട്ട് അടിയന്തിരമായി പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. മലയാറ്റൂർ ഡിവിഷന്റെ അംഗീകൃത വർക്കിങ്ങ് പ്ലാൻ 2019-20 വർഷത്തിൽ കുട്ടമ്പുഴ പ്രദേശത്ത് നിന്നും ഈറ്റ ശേഖരിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും,പുതു മുകുളങ്ങൾ ഉണ്ടായി വരുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ അംഗീകൃത വർക്കിങ്ങ് പ്ലാൻ പ്രകാരം ഈറ്റ വെട്ടാൻ പാടില്ലാത്തതാണെന്നും, 2019- 20 വർഷത്തെ ഈറ്റ ശേഖരണം 01/09/2019 മുതൽ ആണെന്നും, ഇപ്രകാരം വർക്കിങ്ങ് പ്ലാൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അനുവദിക്കാവുന്ന ഈറ്റ കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ മുതലായ സ്ഥാപനങ്ങളുടെ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ശേഖരണാനുമതി നൽകുന്നതാണെന്നും ബഹു.മന്ത്രി പറഞ്ഞു.

പുതുമുകുളങ്ങൾ ഉണ്ടായി വരുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങൾ ഈറ്റ ശേഖരണത്തിന് ക്ലോഷർ പിരീഡ് ആണെന്നും,എന്നാൽ സെപ്തംബർ 1 മുതൽ മെയ് 31 വരെയുള്ള 9 മാസങ്ങളിൽ ഈറ്റ ശേഖരണം നടത്താവുന്നതാണെന്നും,ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്ക് പരമ്പരാഗത തൊഴിലാളികൾക്ക് ഉപയോഗത്തിന് ആവശ്യമുള്ള ഈറ്റകൾ വ്യവസായ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ ശേഖരിച്ച് സൂക്ഷിക്കാവുന്നതും പരമ്പരാഗത തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാവുന്നതുമാണെന്നും ബഹു.മന്ത്രി കൂട്ടിച്ചേർത്തു.കൂടാതെ പരമ്പരാഗത തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിലേക്കായി വർക്കിങ്ങ് പ്ലാൻ നിർദേശങ്ങൾക്ക് അനുസൃതമായി വ്യവസായ സ്ഥാപനങ്ങളുടെ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 01/09/2019 മുതൽ ഈറ്റ ശേഖരണത്തിന് അനുമതി നൽകുമെന്നും ബഹു.മന്ത്രി ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.

Leave a Reply