കോതമംഗലം മുനിസിപ്പാലിറ്റിയിൽ വാളാടിത്തണ്ട് കുടിവെള്ള പദ്ധതി ഈ മാസത്തോടെ പൂർത്തീകരിക്കും – ആന്റണി ജോൺ എംഎൽഎ


കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയിൽ 8-)o വാർഡിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തി പുരോഗമിച്ചു വരുന്ന വാളാടിത്തണ്ട് ഹരിജൻ കോളനി,കൈരളി റോഡ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഈ മാസത്തോടെ പൂർത്തിയാകുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ഏകദേശം 1200 മീറ്ററോളം പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കും.നിലവിൽ ഈ ഭാഗത്ത് ഉണ്ടായിരുന്ന ചെറിയ ജി ഐ പൈപ്പുകൾ തുരുമ്പെടുത്ത് ലീക്കാവുന്നതു മൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം പതിവായിരുന്നു.സ്ഥലം സന്ദർശിച്ച എംഎൽഎ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പഴയ തുരുമ്പെടുത്ത ചെറിയ ജി ഐ പൈപ്പുകൾ മാറ്റി കൂടുതൽ വ്യാസമുള്ള പി വി സി പൈപ്പുകൾ അടക്കം ആവശ്യമുള്ളിടത്ത് മാറ്റി സ്ഥാപിക്കുവാൻ നിർദേശം കൊടുക്കുകയും,ഇതിനു വേണ്ടി ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.പദ്ധതിയുടെ ഭാഗമായി നിലവിലെ പഴക്കം ചെന്ന ചെറിയ പൈപ്പുകൾക്ക് പകരം 110 എം എം മുതൽ 50 എം എം വരെ വ്യാസമുള്ള പുതിയ പി വി സി/ജി ഐ പൈപ്പുകൾ 1200 ഓളം മീറ്റർ ദൂരത്തിൽ സ്ഥാപിക്കും.ഇതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും, പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും,ഈ മാസത്തോടെ തന്നെ പ്രവർത്തി പൂർത്തീകരിക്കുവാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply