അടിവാട് പ്രവാസി കൂട്ടായ്മ സൗജന്യ കുടി വെള്ള വിതരണം ആരംഭിച്ചു.


പല്ലാരിമംഗലം : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പല്ലാരിമംഗലം, വാരപ്പെട്ടി,പോത്താനിക്കാട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ജലം ജീവനാണ് കരുതാം നാളെക്കായി എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് അടിവാട് പ്രവാസി കൂട്ടായ്മയുടെ അംഗങ്ങള്‍ രണ്ടാം വര്‍ഷവും സൌജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കായി പ്രവാസ ലോകത്ത് നിന്നും അവധിയിലെത്തിയ അടിവാട് പ്രവാസി കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ജല വിതരണത്തിനായി എല്ലാ ദിവസവും സമയം ചിലവഴിക്കുന്നത്. ദിവസ വാടകയ്ക്ക് വാഹനം എടുത്തും, ടാങ്കും, മോട്ടോറും അനുബന്ധ ഉപകരണങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചും കൊണ്ടാണ് ടീം എപികെയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഈ പദ്ധ്യതിയുമായി മുന്നോട്ടു പോകുന്നത്.

പുലിക്കുന്നേപ്പടി, വെള്ളാരമററം, വെയ്റ്റിംഗ് ഷെഡ് കോളനി, പള്ളിക്കുന്ന്, ഈട്ടിപ്പാറ, പൈമറ്റം, മണിക്കിണർ ,കൂറ്റംവേലി കുറിപ്പുംക്കണ്ടം, ഐഡിയ നഗർ, കിഴക്കേൽ കോളനി, അടിവാട് തെക്കേകവല, പല്ലാരിമംഗലം, അടിവാട് പരിസരപ്രദേശങ്ങള്‍, പൈമറ്റം, മവുടി എന്നീ ഭാഗങ്ങൾ,സമീപ പ്രദേശങ്ങളിലെ അംഗനവാടികൾ,പള്ളികൾ എന്നിവടങ്ങളിലും ദിവസവും 25000 ലിറ്ററിന് മുകളിൽ ശുദ്ധമായ കിണർവെള്ളമാണ് തികച്ചും സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും മൂലം വര്‍ദ്ധിച്ചു വരുന്ന ജലക്ഷാമം കൊണ്ട് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാനും, പല്ലാരിമംഗലം പഞ്ചായത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന കുഴല്‍ കിണറുകളും, ജല സംഭരണികളും നാട്ടുകാര്‍ക്ക്‌ ഉപയോഗയോഗ്യമാക്കുന്നതിനും, മഴവെള്ള സംഭരണികളും ജല ശ്രോതസ്സുകളും നിര്‍മ്മിക്കുവാനും നിലനിര്‍ത്തുവാനും വേണ്ടുന്ന സാമ്പത്തിക സഹായങ്ങളും, അവബോധവും പ്രദേശവാസികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പല്ലാരിമംഗലം പഞ്ചായത്ത് അധികാരികളും, കോതമംഗലം ബ്ലോക്ക്‌ അധികൃതരും സ്വീകരിക്കണമെന്ന് അടിവാട് പ്രവാസി കൂട്ടായ്മ ആവിശ്യപ്പെട്ടു. കുടിവെള്ളം ആവശ്യമുള്ളവർ ടീം എ പി കെ യുടെ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് : 9877778881.

Leave a Reply