EDITORS CHOICE
പട്ടു സാരിയില്ല, സ്വർണ്ണാഭരണങ്ങളില്ല, പുതിയ കുപ്പായങ്ങൾ പോലുമില്ലാതെ ഒരു വിവാഹം.

മുവാറ്റുപുഴ :പശ്ചിമ ബംഗാളിലെ മലയാളി സാമൂഹിക പ്രവർത്തകൻ മുവാറ്റുപുഴ പേഴക്കാപ്പിള്ളി നാസർ ബന്ധുവിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. നിരവധി പേരാണ് നാസർ തന്റെ ഫേസ്ബുക്കിൽ കുറിച്ച വിവാഹ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ബംഗാളിലെ ചേരി നിവാസികളുടെ ആശ്രയമായി മാറിയ നാസർ ബന്ധുവിന്റെ വിവാഹംആർഭടങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായിരുന്നു. ബന്ധു എന്നാൽ ബാംഗ്ള ഭാഷയിൽ സുഹൃത്ത് എന്നാണർത്ഥം. ഒരു തരി പൊന്നുപോലും ഇല്ലാതെയാണ് മലപ്പുറം തിരൂർ വെട്ടം സ്വദേശിനി നസിബയേ മുവാറ്റുപുഴ,പേഴക്കാപ്പിള്ളി പുന്നോട്ടിൽ അലിയാരുടെയും, സഫിയയുടേയും മകനായ നാസർ തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.
ബംഗാളിലെ പിന്നോക്ക ഗ്രാമമായ ചക്കളയിലെ നിർധന കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും, അവിടുത്തുകാരുടെ ദാരിദ്രം അകറ്റാനുള്ള പദ്ധതികളുമായി 10 വർഷത്തിലധികമായി സന്നദ്ധ പ്രവർത്തകനായി കഴിയുകയാണ് നാസർ ബന്ധു.
അങ്ങനെയിരിക്കെ കഴിഞ്ഞ സെപ്തംബർ ആദ്യത്തിലാണ് നാസറിന്റെ പ്രിയപ്പെട്ട സുഹൃത്ത് പി.ബി.എം.ഫർമീസ് വിളിച്ച് അദ്ദേഹത്തിൻ്റെ ഒരു സഹപ്രവർത്തക ഒരു സോളോ ട്രിപ്പ് ചെയ്ത് കൊൽക്കത്തക്ക് വരുന്നു. പേര് നസീബ എന്നാണ് എന്ന് പറയുന്നത്.നാസറിന്റെ ഫോൺ നമ്പർ കൊടുക്കുന്നു . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് പറയുന്നു . ധാരാളം പേർ അങ്ങനെ വരുന്നതാണന്ന് നാസർ പറഞ്ഞു.
സെപ്തംബർ ഇരുപതിനാണ് നാസർ കുറച്ച് ഒഫീഷ്യൽ പണികൾക്കായി കൊൽക്കത്തക്ക് പോകുന്നത്. കനത്ത മഴയുള്ള ദിവസമായിരുന്നു അന്ന്. മഴ കാരണം പോയ കാര്യങ്ങൾ നടക്കാതെ വന്ന് തിരികെ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് നസീബ, നാസറിനെ വിളിക്കുന്നത്. ഞാൻ കൊൽക്കത്തയിൽ എത്തി. നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിളി. എങ്കിൽ നസിബയെയും കൂട്ടി ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതിയാണ് നാസർ ഹൗറയിലേക്ക് ബസ് കയറിയത്. കനത്ത മഴയിൽ ഹൗറ ബ്രിഡ്ജിൻ്റെ തുടക്കത്തിൽ കുട ചൂടി നിൽക്കുന്ന നസീബയെ കണ്ടു. ചായ കുടിച്ചു. ഏതായാലും ഒരു പകുതി ദിനമുണ്ട്. കാഴ്ചകൾ കണ്ട് വൈകുന്നേരത്തോടെ ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതി.
അങ്ങനെ അവർ ബോട്ടിൽ ഹൂഗ്ലി നദി കടന്നു , ഹൗറ ബ്രിഡ്ജ് കണ്ടു , ബാഗ് ബസാറിൽ ഇറങ്ങി, കുമാർ തുളിയിലൂടെ നടന്നു, മെട്രോയിൽ കയറി, കാളിഘട്ട് ക്ഷേത്രം കണ്ടു , മദർ തെരേസയുടെ നിർമൽ ഹൃദയ് കണ്ടു , ടിപ്പു സുൽത്താൻ മസ്ജിദ് കണ്ടു , കെ.സി.ദാസിൽ കയറി മധുരം കഴിച്ചു, ന്യൂ മാർക്കറ്റിലൂടെ നടന്നു , പലയിടത്തു നിന്നും ചായ കുടിച്ചു. സിയാൽയിൽ നിന്നും ഗ്രാമത്തിലേക്കുള്ള ട്രെയിൻ കയറുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.
കേരളത്തിൽ നിന്നും ഹസീബ് എന്ന ചെറുപ്പക്കാരൻ ജീപ്പ് ഓടിച്ചു കൊണ്ടുവന്ന ദിവസങ്ങളായിരുന്നു അത്. തുടർന്നുള്ള ഏതാനും ദിനങ്ങൾ അനുരാധയും ഹസീബും ആനന്ദും അമലും എല്ലാവരും കൂടി ചെറിയ യാത്രകളും സേവന പ്രവർത്തനങ്ങളും എല്ലാം കൂടി സജീവമാക്കി. അന്ന്, ഒരു വ്യാഴാഴ്ച രാവിൽ നാസറിന്റെ ഗ്രാമത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സയ്യിദ് അബ്ബാസ് അലിയുടെ ദർഗയിലേക്ക് ഖവാലി കേൾക്കാൻ പോയി. പന്ത്രണ്ടാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ബംഗാളിൽ എത്തിയ സൂഫിവര്യനാണ് സയ്യിദ് അബ്ബാസ് അലി.
പൗർണമിയോടടുത്ത നിലാവും ജീപ്പിൻ്റെ ശബ്ദവും നീളത്തിലുള്ള ഗ്രാമ പാതയും ചേർന്ന അപാര കോമ്പിനേഷൻ ആസ്വദിച്ച് യാത്ര ചെയ്യുന്നതിനിടയിൽ അവർ നിലാവ് കാണാൻ ജീപ്പ് നിർത്തി.
അന്നേരമാണ് നാസറിന് നസീബയോട് ഇഷ്ടം തോന്നിയത്. കാരണമറിയാതെ ഒരാളോട് ഇഷ്ടം തോന്നുന്നതിനൊരു ഭംഗിയുണ്ട്. ഉള്ളിൽ നിന്ന് വരുന്ന ഇഷ്ടമാണത്.നാസർ വാചാലനായി.
ദർഗയിൽ ഖവാലി കേട്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ച് ഇരിക്കുന്നതിനിടയിൽ ആണ് ഞാൻ നസീബയോട് എനിക്ക് നിന്നോട് പ്രണയം തോന്നുന്നു എന്ന് പറഞ്ഞത്. അത് കേട്ട് എല്ലാവരും ചിരിച്ചു. ചായ കുടിച്ചു. മുതിർന്ന ഒരാളോട് പെട്ടെന്നൊരു പ്രണയം പറയുന്നതിൻ്റെ അഭംഗി തിരിച്ചറിഞ്ഞതിനാൽ “ഞാൻ ആ പ്രണയം തീർന്നു പോയി… ” എന്ന് പറഞ്ഞ് ആ വർത്തമാനത്തെ നേർപ്പിച്ചെടുത്തു. എങ്കിലും ആ ഇഷ്ടം അങ്ങനെ നിലനിന്നതിനാൽ ആണ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ സംസാരിച്ചത്.
നസീബയ്ക്ക് തുടർച്ചയായ വിവാഹ അന്വേഷണങ്ങൾ വരുന്നതിനാൽ അതിനെ ഒന്ന് സ്ലോ ആക്കാൻ ആയി ഞങ്ങൾ രണ്ട് പേരുടേയും വീടുകളിൽ സംസാരിച്ചു. അങ്ങനെ വീട്ടുകാർ ഏകദേശം വിവാഹം തീരുമാനിക്കുകയും ചെയ്തു.
എങ്കിലും ഞങ്ങൾ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ചെറിയ ഒരു കാലത്തെ പരിചയം, തികച്ചും വ്യത്യസ്തമായ പശ്ചാത്തലം അങ്ങനെ പല കാരണങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക്.
അങ്ങനെയാണ് കൂടുതൽ സംസാരിക്കാനും ഒരു തീരുമാനം എടുക്കാനുമായി ബംഗാൾ യാത്രക്ക് ഞാൻ നസീബയെ ക്ഷണിക്കുന്നത്. മറ്റ് ഇരുപത്തി നാല് പങ്കാളികളോടൊപ്പം നസീബയും ബംഗാൾ യാത്രയിൽ പങ്കെടുക്കുന്ന ഒരാളായി. ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് നാസർ വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് നാസറും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി അവർ സംസാരിച്ചു. എന്തായാലും നസറിന്റെയും, നസീബയുടെയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം…. ആ വൈറൽ ആയ കുറിപ്പ് ഇങ്ങനെയാണ്………..
“ഓർമക്കായി ഒരു മോതിരമെങ്കിലും നൽകാം എന്ന് ഞാൻ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവൾ വിവാഹത്തിനൊരുങ്ങിയത്.
ഉള്ളതിൽ നല്ല ഉടുപ്പിടുക , പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു .
അവൾ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാർഗോസ് പാൻ്റാണ് ഉള്ളത്. കാർഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവം വാങ്ങിതന്ന ജീൻസ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി.
നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു.
അവർ ഇറങ്ങാൻ നേരം എന്തേ മണവാളൻ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസൻ മാഷാണ് മറുപടി പറഞ്ഞത്.
ലോക്ഡൗൺ ആയതിനാൽ തൃശൂരിൽ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിൻ്റെ പേപ്പറുകൾ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ ഹസൻ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകൾ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്.
മഹർ ആയി നസീബ ആവശ്യപ്പെട്ടത് , അനാഥരായ കുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകുക എന്ന ധാരണയിൽ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തിൽ സ്വീകരിക്കപ്പെട്ടില്ല.
മഹർ – വിവാഹമൂല്യം – അത് സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു.
മഹർ സ്വർണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിൻ്റെ അറിവില്ലായ്മ ഓർത്ത് സഹതാപം തോന്നി.
പക്ഷെ , അയൽക്കാരനും മുതിർന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.
പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹർ ആയി കൊടുകേണ്ടത്. അത് പെണ്ണിൻ്റെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.
മഹർ പൊതുവേ സ്ത്രീകൾ സ്വർണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വർണം വാങ്ങാത്ത അപൂർവം ചിലർ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങും. പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ , മറ്റുള്ളവർക്കൊരു സഹായമാകട്ടെ തൻ്റെ മഹർ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി. സത്യത്തിൽ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്. ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവർക്ക് മാതൃകയാക്കാനോ വേണ്ടിയല്ല. ആളുകൾ എന്തു വിചാരിക്കും, കുടുംബക്കാർ എന്ത് കരുതും എന്നെല്ലാം കരുതി കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. പുതിയത് വാങ്ങാൻ കഴിവില്ലാത്തതിനാൽ അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെ യോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാൻ കണ്ടിട്ടുണ്ട്.
ഇതിനിടയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചു എന്ന് മാത്രം. വിവാഹം എന്ന ലളിതമായ ഒന്നിനെ എത്ര സങ്കീർണമായ ചടങ്ങുകളിലും ആർഭാടങ്ങളിലുമാണ് തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. കല്യാണ പരിപാടികൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കൾ കളിയാക്കി ചോദിച്ചു. ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്സിനും നാല് അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാൾ ഭംഗി എന്നാണ് ഞങ്ങൾക്ക് തോന്നിയത്.
EDITORS CHOICE
മറിയാമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, എൽദോസൂട്ടൻ തങ്കകുടമായി.

കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയതാണ്. അന്ന് മുതൽ പ്രാർത്ഥനയിലാണ് മറിയാമ്മ. ആ പ്രാർത്ഥന കോമൺ വെൽത്ത് ഗെയിംസിൽ ദൈവം കേട്ടു. നാലാം വയസില് ആണ് എൽദോസിന്റെ അമ്മ മരിക്കുന്നത്.അന്ന് മുതൽ എൽദോസിനെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി വളർത്തിയത് ഈ മുത്തശ്ശി ആണ്. അവന്റെ അമ്മ പോയെ പിന്നെ ഞാനാണ് അവനെ വളര്ത്തിയത്; തൊണ്ടയിടറി, കണ്ണ് നിറഞ്ഞണ് എല്ദോസ് പോളിന്റെ മുത്തശ്ശി ഇത് പറഞ്ഞത്.
എൽദോസിനും, അത്രക്ക് ജീവനാണ് മുത്തശ്ശിയെ. ട്രിപ്പിൾ ജമ്പിലെ സ്വർണ്ണ വേട്ടക്ക് ശേഷം ആദ്യം നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതും മുത്തശ്ശിയോട്. കൊച്ചു മകന് ഫോണിലൂടെ മുത്തശ്ശിയുടെ വക സ്നേഹ മുത്തം. നാട്ടിൽ വന്നിട്ട് വേണം കൊച്ചു മകന്റെ മെഡൽ നേരിട്ട് കണ്ട് കെട്ടിപിടിച്ചു സ്നേഹ ചുംബനം വീണ്ടും കൊടുക്കുവാൻ. കാത്തിരിക്കുകയാണ് 80 വയസ് പിന്നിട്ട മറിയാമ്മ പാലക്കാമാറ്റത്തെ കൊച്ചു തോട്ടത്തിൽ വീട്ടിൽ ആനന്ദ കണ്ണീരും, പ്രാർത്ഥനയുമായി.
EDITORS CHOICE
കോമൺവെൽത്ത് ഗെയിംസ് പ്രൊഫ. പി.ഐ ബാബു ഇന്ത്യൻ ടീം മാനേജർ.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച (28/07/22) ആരംഭി ക്കുന്ന കോമൺവെൽത്ത് ഗെ യിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്ര സിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്പോർട്സ് അവാർഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.
കോതമംഗലം എം.എ. സ്പോർട്സ് അക്കാദമിയിലെ പരിശീലകനു മാണ്. കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജിൽനിന്നുള്ള കായികതാരങ്ങളായ എൽദോ സ് പോൾ, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ തുട ങ്ങിയവർ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുൻ താരമായ എൽദോസ്.
EDITORS CHOICE
ഉലഹനായകന്റെ ചിത്രം വെള്ളത്തിനു മുകളിൽ തീർത്ത് ഡാവിഞ്ചി സുരേഷ്.

മൂന്നാർ : എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇത്തവണ വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്തിരിക്കുകയാണ്.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്.
കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം ചെയ്യാനായി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വീമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലും ഈ ചിത്രം നിർമ്മിച്ചത് കണ്ടൻ്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളിൽ വലിയ ഈ ചിത്രം സാധ്യമാക്കിയത്. തറയിലും, പറമ്പിലും, പാടത്തും, സ്റ്റേഡിയം ഗ്രൗണ്ടിലും,ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി തവണ ഡാവിഞ്ചി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്.
ഡാവിഞ്ചി സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. കണ്ടന്റ് ക്രീയറ്റസ് ഓഫ് കേരള (
സി സി ഒ കെ )ചെയർമാൻ റോബിൻ സി എൻ,വൈബ് റിസോർട്ട് ജനറൽ മാനേജർ വിമൽ റോയ്, അസ്സി. ജനറൽ മാനേജർ ബേസിൽ എന്നിവരുടെ സഹായത്തോടെയാണ് മൂന്നാറിൽ സുരേഷിൻ്റെ എൺപതഞ്ചാമതെ മീഡിയം പിറന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME5 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS21 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
