കോതമംഗലം: ലോക്ക് ഡൌൺ കാലത്ത് ഒറ്റമുറി വാടക വീട്ടിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരി യുവതിക്കും മക്കൾക്കും അഭയം നൽകി പീസ് വാലി. ഇവരുടെ ദുരിത വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. അഗലീനയെന്ന അഞ്ചു വയസുകാരി മകൾക്കൊപ്പം ഒറ്റമുറി വാടകവീട്ടിൽ മണിരാൻ നെസ്സ എന്ന ആസാം സ്വദേശിനി കഴിഞ്ഞിരുന്നത്. അസൗകര്യങ്ങളുടെ നടുവിൽ ഒറ്റമുറി വീട്ടിൽ ഇക്കഴിഞ്ഞ മാർച്ച് 26 ന് പുലർച്ചെയാണ് ആൺ കുഞ്ഞിന് യുവതി ജന്മം നൽകിയത്.
പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തതിനെ തുടർന്നു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ചോരകുഞ്ഞിനെയും അമ്മയെയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഉടനെ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു. കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രന്റെ ഇടപെടലിനെ തുടർന്നായിരുന്നു ആംബുലൻസ് ലഭ്യമാകുന്നത് ഉൾപ്പടെയുള്ള നടപടികൾ വേഗത്തിലായത്. പ്രസവത്തിനു ശേഷം വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മാവിൻചുവട് താത്കാലിക താമസം ഒരുക്കിയിരുന്നു. ഭർത്താവിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. യുവതി നൽകിയ നമ്പറിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
സാമൂഹിക അടുക്കളയിൽ നിന്നുള്ള ഭക്ഷണം കൊണ്ടാണ് യുവതിയും മക്കളും ജീവൻ നിലനിർത്തുന്നത്. നവജാത ശിശുവിനാവശ്യമായ പോഷകാഹാരങ്ങളോ പരിചരണമോ ലഭിക്കാതെ കുഞ്ഞിന്റെയും യുവതിയുടെയും ആരോഗ്യം മോശമായി വന്ന സാഹചര്യത്തിൽ പരിചരണവും സംരക്ഷണവും ലഭ്യമാക്കാൻ ഉദ്ദേശിച്ചു പഞ്ചായത്ത് അധികൃതർ കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയായിരുന്നു. നിറഞ്ഞ മനസ്സോടെ പീസ് വാലി അധികൃതർ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. പീസ് വാലിക്ക് കീഴിലെ സാമൂഹിക പുനരധിവാസ കേന്ദ്രത്തിലാണ് യുവതിക്കും മക്കൾക്കും അഭയം നല്കിയിരിക്കുന്നത്.