കോതമംഗലം:ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ പെരിയാർവാലി കനാലിലേക്ക് വീഴുകയായിരുന്നു. പാലത്തിനും കുറ്റികാടുകൾക്കും മരത്തിനുമിടയിലൂടെ പാഞ്ഞ കാർ ഉയർന്നു പൊങ്ങിയശേഷം അൻപത് അടിയോളം താഴ്ചയിൽ വെള്ളത്തിൽ പതിക്കുകയായിരുന്നു. കാറിൽ നിന്നും ദമ്പതികൾക്ക് ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞതിനാലാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. ഈ സമയം അതുവഴി കടന്നുപോകുകയായിരുന്ന ഒരു സംഘം യുവാക്കൾ കനാലിൽ ഇറങ്ങിയാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവർക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. കാറോ ,ദമ്പതികളോ ഒഴുക്കിൽപ്പെടാതിരുന്നതും കനാലിൽ വീഴുന്ന തിന് മുമ്പ് മരത്തിൽ തട്ടാതിരുന്നതും രക്ഷയായി.
						
									


























































